കൊറോണ പരിശോധയില്‍ ജാഗരൂകമായി ആലപ്പുഴയിലെ വൈറോളജി ലാബ്
 
                                                ആലപ്പുഴ: കൊറോണയുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ ആരോഗ്യത്തില്‍ നിതാന്ത ജാഗ്രതയോടെ ഉന്നത നിലവാരത്തില്‍ നിലകൊള്ളുകയാണ് ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിട്യൂട്ട് (എന്‍ ഐ വി )യൂണിറ്റ്. ഈ കേന്ദ്രത്തിന്റെ കൊറോണ വൈറസ് നിര്‍ണയത്തിന് രാജ്യത്തെ ഉപരി സ്ഥാപനമായ പൂനെ എന്‍ ഐ വി അംഗീകാരം നല്‍കിയത് പൊതുജനാരോഗ്യരംഗത്ത് സംസ്ഥാനം കൈവരിച്ച ഉജ്ജ്വല നേട്ടങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായി. ആലപ്പുഴ വൈറോളജി ലാബിനെ അതിവേഗം ഈ നിലയില്‍ മികവുറ്റ കേന്ദ്രമായി ഉയര്‍ത്താനും പൂനെ എന്‍ ഐ വിയുടെ അംഗീകാരം നേടിയെടുക്കാനും കഴിഞ്ഞത് സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറും നടത്തിയ തീവ്ര  പ്രയത്‌നത്തെത്തുടര്‍ന്നാണ്. പുതുതലമുറ വൈറസായ കൊറോണ സംസ്ഥാനത്ത് തിരിച്ചറിഞ്ഞ ഉടന്‍ സര്‍ക്കാര്‍ തക്ക നടപടി കൈക്കൊള്ളുകയായിരുന്നു.
ബയോ സേഫ് ലെവല്‍ (ബി എസ് എല്‍ )ടു പ്ലസ് എന്ന വിഭാഗത്തില്‍പ്പെടുന്ന ആലപ്പുഴ ലാബ് അനുബന്ധ സംവിധാനങ്ങളൊരുക്കി കൊറോണ വൈറസ് കണ്ടെത്താന്‍ വേണ്ട ബയോ സേഫ് ലെവല്‍ (ബി എസ് എല്‍ )മൂന്ന് എന്ന തലത്തിലേക്കു അടിയന്തിരമായി ഉയര്‍ത്തുകയായിരുന്നു. പ്രതിദിനം 100 രക്തസാമ്പിളുകളുടെ കൊറോണ വൈറസ് പരിശോധന ആലപ്പുഴ വൈറോളജി ലാബില്‍ ഇപ്പോള്‍ നടത്താനാകുമെന്ന് ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.എ പി സുഗുണന്‍ പറഞ്ഞു. 6-7 മണിക്കൂര്‍കൊണ്ട് പരിശോധനാഫലം അറിയാനാകും. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിരീക്ഷണത്തിലുള്ളവരുടെ രക്ത സാമ്പിളുകള്‍ നിശ്ചിത ഇടവേളകളില്‍ ഇവിടെയെത്തിച്ച് നിരന്തരം പരിശോധന നടത്തിവരുന്നു.
നേരത്തെ പുനെയിലെത്തിച്ചു വേണമായിരുന്നു വൈറസ് നിര്‍ണയം നടത്താന്‍.സമയനഷ്ടത്തിനു പുറമെ സുരക്ഷയുടെ ഉള്‍പ്പെടെ ഏറെ കടമ്പകള്‍ താണ്ടേണ്ടിയുമിരുന്നു.ആലപ്പുഴ ലാബ് സുസജ്ജമായതോടെ പരിശോധന സുഗമവും വേഗത്തിലുമായി.ആര്‍ എന്‍ എ വൈറസായ കൊറോണ തിരിച്ചറിയുന്നത് അതിന്റെ തനത് ഘടന(signature sequence)യില്‍ നിന്നാണ്.മൂന്നു ഘട്ടങ്ങള്‍ ഉള്‍പ്പെട്ട പ്രക്രിയയിലൂടെ ഇത് സാധ്യമാക്കുന്നു.
കൊറോണയ്ക്കു പുറമെ നിപ്പ,എലിപ്പനി,ഡെങ്കി,കരിമ്പനി തുടങ്ങിയ വൈറസുകള്‍ എല്ലാം ആലപ്പുഴ ലാബില്‍ പരിശോധിച്ചു കണ്ടെത്താനാകും. മൊത്തം 33 തരം രോഗാണുക്കളെ കണ്ടെത്താനുള്ള വൈദഗ്ധ്യം ഇവിടെയുണ്ട്.ആന്‍ഡമാന്‍ റീജിയണല്‍ റിസര്‍ച്ച് സെന്ററിലെ ജി ഗ്രേഡ് ശാസ്ത്രജ്ഞനായ പരപ്പനങ്ങാടി സ്വദേശി ഡോ എ പി സുഗുണനെ കൊറോണ കേരളത്തില്‍ തിരിച്ചറിഞ്ഞ ഉടന്‍ സംസ്ഥാന സര്‍ക്കാര്‍ ആലപ്പുഴ ലാബിന്റെയും കൂടി ചുമതലയില്‍ കൊണ്ടുവരികയായിരുന്നു.നേരത്തെ നിപ്പ,പ്രളയ കാലങ്ങളില്‍ ഇദ്ദേഹം ഇവിടെയെത്തി സ്ത്യുത്യര്‍ഹ സേവനം നടത്തിയിരുന്നു.ഡോ സുഗുണനു പുറമെ ഏഴു ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും സദാ ജാഗരൂകരായ ആലപ്പുഴ വൈറോളജി ലാബ് എണ്ണയിട്ട യന്ത്രം കണക്കെ പ്രവര്‍ത്തിക്കുന്നു.










