ബയോ ബിന്‍ പദ്ധതിയുമായി അരൂര്‍ ഗ്രാമപഞ്ചായത്ത്

post

ആലപ്പുഴ: ജൈവ മാലിന്യങ്ങള്‍ കമ്പോസ്റ്റ് വളമാക്കി മാറ്റാന്‍ അരൂര്‍ ഗ്രാമപഞ്ചായത്ത് വീട്ടുവളപ്പില്‍ ബയോ ബിന്‍ എന്ന പദ്ധതി നടപ്പാക്കി. 13 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. 

1800 രൂപ വില വരുന്ന ബിന്‍ 180 രൂപ നിരക്കിലാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഇതുവരെ 500ല്‍ പരം ബിന്നുകള്‍ വിതരണം ചെയ്തു. 800 ബയോ ബിന്നുകളാണ് എല്ലാ വാര്‍ഡുകളിലുമായി വിതരണം ചെയ്യുന്നത്.

അടുക്കളയില്‍ ബാക്കിയാകുന്ന ജൈവ മാലിന്യങ്ങള്‍ വെള്ളം നീക്കം ചെയ്ത് ബിന്നുകളില്‍ നിക്ഷേപിക്കാം. ഇതോടൊപ്പം പഞ്ചായത്തില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന ഇനോക്കുലം കമ്പോസ്റ്റ് മീഡിയം ലെയറുകളായി ഇടും. രണ്ട് ബിന്നുകള്‍ നിറയുമ്പോള്‍ ചുവട്ടിലുള്ള  ആദ്യ ബിന്നിലെ മാലിന്യങ്ങള്‍ കമ്പോസ്റ്റ് രൂപത്തിലേക്ക് മാറിയിട്ടുണ്ടാകും. ഈ കമ്പോസ്റ്റ് തെങ്ങ്, വാഴ, പച്ചക്കറികള്‍ എന്നീ വിളകള്‍ക്ക് വളമായി ഉപയോഗിക്കാം.

മാലിന്യ സംസ്‌കരണത്തില്‍ പുതു മാതൃത സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് അരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി പറഞ്ഞു.