സ്‌കൂള്‍ തുറക്കല്‍: ആശങ്ക അകറ്റാന്‍ ജില്ലാ കളക്ടര്‍ വിദ്യാലയങ്ങളിലെത്തി

post

വയനാട്: ജില്ലയില്‍ വിദ്യാലയങ്ങള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ സജീവം. കോവിഡ് പശ്ചാത്തലത്തില്‍ ഒന്നര വര്‍ഷത്തോളം അടച്ചിട്ട വിദ്യാലയങ്ങള്‍ നവംബര്‍ ഒന്നിന് തുറക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് രക്ഷിതാക്കളില്‍ നിലനില്‍ക്കുന്ന ആശങ്ക അകറ്റുന്നതിനായി ജില്ലാ കളക്ടര്‍ എ. ഗീതയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് വിദ്യാലയങ്ങളിലെത്തി പരിശോധന നടത്തി. കണിയാമ്പറ്റ എം.ആര്‍.എസ്, കണിയാമ്പറ്റ ഗവ. ഹൈസ്‌കൂള്‍, പനങ്കണ്ടി ഗവ. ഹൈസ്‌കൂള്‍, മീനങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വൈത്തിരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളിലാണ് പരിശോധന നടത്തിയത്. വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂളുകള്‍ നടപ്പിലാക്കേണ്ട സുരക്ഷ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് പരിശോധിക്കുന്നതിനായിരുന്നു കളക്ടറുടെ നേതൃത്വത്തില്‍ ഫിനാന്‍സ് ഓഫീസര്‍ എ.കെ. ദിനേശന്‍ അടങ്ങുന്ന സംഘത്തിന്റെ സന്ദര്‍ശനം. എ.ഡി.എം എന്‍.ഐ. ഷാജു, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, താലൂക്ക് തഹസില്‍ദാര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായും വിദ്യാലയങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് രക്ഷിതാക്കള്‍ക്ക് ഉറപ്പ് നല്‍കുന്നതിനായി വിദ്യാലയങ്ങള്‍ തുറക്കുന്ന ദിവസം വരെ പരിശോധന തുടരും. അധ്യാപകര്‍, രക്ഷിതാക്കള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് വിവിധ സ്‌കൂളുകളിലും ശുചീകരണം നടത്തി വരുന്നത്. മീനങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധു ശ്രീധരന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സലിം പാല, പി.ടി.എ പ്രസിഡന്റ് മനോജ് ചന്ദനക്കാവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍.