ഏഴാമത് സാമ്പത്തിക സര്‍വ്വേ: ജനങ്ങള്‍ സഹകരിക്കണമെന്ന് അധികൃതര്‍

post

പാലക്കാട് : കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജനുവരി ഒന്ന് മുതല്‍ ഇക്കണോമിക് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് നടത്തിവരുന്ന ഏഴാം സാമ്പത്തിക സെന്‍സസുമായി ജനങ്ങള്‍ സഹകരിക്കണമെന്നും വിവരശേഖരണത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇക്കണോമിക് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക നയരൂപീകരണത്തിന്റെ ഭാഗമായാണ് സെന്‍സസ് നടത്തുന്നതെന്നും വികസനത്തിന് സഹായകമാകുന്ന വിവരങ്ങള്‍ നല്‍കേണ്ടത് ഓരോ പൗരന്റേയും ഉത്തരവാദിത്വമാണെന്നും വകുപ്പ് അധികൃതര്‍ പറഞ്ഞു. കോമണ്‍ സര്‍വ്വീസ് സെന്റര്‍ മുഖേനയാണ് ജില്ലയില്‍ വിവരശേഖരണം നടത്തുന്നത്.

സാമ്പത്തിക സെന്‍സസ് എന്ത്, എന്തിന്?

രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങളുടെ കണക്ക് തയ്യാറാക്കുകയും പ്രവര്‍ത്തനപരവും ഘടനാപരവുമായ വിവരങ്ങള്‍ ശേഖരിക്കുകയുമാണ് സാമ്പത്തിക സെന്‍സസിലൂടെ ചെയ്യുന്നത്. 1977 ല്‍ തുടങ്ങി ആറ് സെന്‍സസുകളാണ് ഇതുവരെ നടന്നത്. 2013 ലാണ് ആറാമത് സെന്‍സസ് നടത്തിയത്.

ഓരോ പ്രദേശത്തേയും എല്ലാ തരത്തിലുമുള്ള ഗാര്‍ഹിക, വ്യാപാര, വ്യവസായ സംരംഭങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് വിശകലനം നടത്തി കാലാനുസൃതമായ പരിഷ്‌കരണങ്ങള്‍ക്കും വികസനത്തിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിനുമാണ് സാമ്പത്തിക സെന്‍സസ് നടത്തുന്നത്. ഒരു നിശ്ചിത കാലയളവില്‍ ഓരോ വ്യക്തിയില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്താണ് ആ പ്രദേശത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ മനസ്സിലാക്കാനും പരിഹാരം കണ്ടെത്താനും സാധ്യമാവുന്നത്.