സ്മാര്‍ട്ടായി തണ്ണീര്‍മുക്കം പഞ്ചായത്ത് ഉല്‍പ്പന്നങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ തദ്ദേശ് ആപ്പ്

post

ആലപ്പുഴ: ഓണ്‍ലൈനിലൂടെ ഉത്പ്പന്നങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ മൊബൈല്‍ ആപ്പുമായി തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത്. 'തദ്ദേശ്' എന്നു പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് വിവിധ ഉത്പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. ചലച്ചിത്ര താരം ബൈജു എഴുപുന്നയും കിന്റര്‍ ഹോസ്പിറ്റല്‍ എം.ഡി പി. പ്രവീണ്‍കുമാറും ചേര്‍ന്നാണ് തദ്ദേശ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് അധ്യക്ഷത വഹിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് പ്രഭാമധു മുഖ്യാഥിതിയായി.

ചെറുകിട കര്‍ഷകര്‍ക്കും കൃഷി അനുബന്ധ വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും പ്രാദേശികമായി തങ്ങളുടെ ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും സഹായിക്കുന്ന മൊബൈല്‍ പ്ലാറ്റ്‌ഫോമാണ് തദ്ദേശ്. വിവിധ ഉത്പ്പന്നങ്ങളുടെ വിതരണത്തിന് പുറമെ പ്രാദേശിക അധികാരികളുമായും മറ്റ് ജനപ്രതിനിധികളുമായും ജനങ്ങള്‍ക്ക് ആശയ വിനിമയം നടത്താനും വിവിധ പദ്ധതികളെക്കുറിച്ചറിയാനും ആപ്പിലൂടെ സാധിക്കും.

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഏറ്റവും അടുത്തുളള ഉത്പന്നത്തെയും ഉല്‍പ്പാദകരേയും ആപ്പിലൂടെ കണ്ടെത്താം. ഓരോ പ്രദേശത്തേയും ഉത്പ്പന്നങ്ങളുടെ വിതരണം കുടുംബശ്രീ പോലുളള സ്വയം സഹായ സംഘങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ഏറ്റെടുത്ത് നടത്താനും സാധിക്കും.