പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ് പരീക്ഷകള്‍ ഒന്‍പതു മുതല്‍

post

ആലപ്പുഴ: സാക്ഷരതാ മിഷന്റെ പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുടെ പൊതുപരീക്ഷ ഒക്ടോബര്‍ ഒമ്പത്, 10 തീയതികളില്‍ നടക്കും. ജില്ലയില്‍ രണ്ട് പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. പച്ച മലയാളത്തില്‍ 10 പേരും ഗുഡ് ഇംഗ്ലീഷില്‍ 60 പേരും പരീക്ഷ എഴുതും.

പാണാവള്ളി എന്‍.എസ്.എസ് ഹൈസ്‌കൂളും മാവേലിക്കര ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമാണ് കേന്ദ്രങ്ങള്‍. സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ അഞ്ചാമത് ബാച്ചിന്റെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുങ്ങി. ആറാമത് ബാച്ചിലേക്കുള്ള അഡ്മിഷന്‍ ഉടന്‍ ആരംഭിക്കും. 

അച്ഛീ ഹിന്ദി എന്ന കോഴ്സും സാക്ഷരതാ മിഷന്‍ നടത്തുന്നുണ്ട്. ഏത് പ്രായത്തിലുള്ളവര്‍ക്കും ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ള ശേഷി ഉറപ്പാക്കും വിധമാണ് കോഴ്സുകളുടെ പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

നാലു മാസമാണ് കോഴ്സിന്റെ കാലാവധി. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളിലാണ് ക്ലാസുകള്‍. നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് നടത്തുന്നത്. എട്ടാം ക്ലാസ് ജയിച്ച 17 വയസ് പൂര്‍ത്തിയായവര്‍ക്ക്  ചേരാം.

കോഴ്സ് ഫീസ് 2000 രൂപയും രജിസ്ട്രേഷന്‍ ഫീസ് 500 രൂപയുമാണ്. എട്ടാം ക്ലാസു മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ പഠിക്കുന്ന കുട്ടികള്‍ക്കും ഈ കോഴ്സുകളില്‍ ചേരാം. ഇവര്‍ക്ക് ഫീസില്‍ 500 രൂപയുടെ ഇളവു ലഭിക്കും. ഒരു സ്‌കൂളില്‍ 20 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്താല്‍ അതേ സ്‌കൂളില്‍ ഒരു ബാച്ച് അനുവദിക്കും.

നിലവില്‍ പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ ക്ലാസുകളില്‍ പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ചേരാവുന്നതാണ്. ഇവര്‍ക്കും 500 രൂപ ഫീസിളവുണ്ട്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്തുകളിലെയും നഗരസഭകളിലെയും സാക്ഷരതാ പ്രേരക്മാരുമായി ബന്ധപ്പെടണമെന്ന് ജില്ലാ പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു.