കൊറോണ സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ സന്ദേശങ്ങള്‍ മാത്രമെ പ്രചരിപ്പിക്കാവൂ; വ്യാജസന്ദേശങ്ങള്‍ അരുത്

post

ആലപ്പുഴ: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത് എന്നും ആരോഗ്യവകുപ്പിന്റെ സന്ദേശങ്ങള്‍ മാത്രമെ പ്രചരിപ്പിക്കാവൂ എന്നും ജില്ലാ പോലീസ് വ്യക്തമാക്കി. പൊതുജനങ്ങള്‍ക്ക് ഇടയില്‍ വ്യാജവാര്‍ത്ത നല്‍കി ഭീതി ജനിപ്പിച്ച് കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സര്‍ക്കാരും ജില്ല ഭരണകൂടവും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന ഏത് നടപടിക്ക് എതിരെയും ജാമ്യം ലഭിക്കാത്ത വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നത് അടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്തവര്‍ക്ക് എതിരെയും നടപടി സ്വീകരിക്കുന്നതിന് വാട്‌സാപ്പ്, ഫെയ്‌സ് ബുക്ക് അധികൃതര്‍ക്ക് സൈബര്‍ സെല്‍ മുഖാന്തിരം നോട്ടീസ് നല്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വീടുകളില്‍ കര്‍ശന നിരീക്ഷണത്തില്‍കഴിയുന്നവരെ സംബന്ധിച്ച് ഏതെങ്കിലും പരാമര്‍ശം നടത്തുകയും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതും കുറ്റകരമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാജവാര്‍ത്ത സോഷ്യല്‍ മീഡിയായിലൂടെ പ്രചരിപ്പിച്ചതിന് താമരക്കുളം സ്വദേശിക്ക് എതിരെ പോലീസ് ഇതിനകം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . ജില്ല കളക്ടറുടെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിന്റെ ഭാഗമായ സൈബര്‍ മോണിറ്ററിംഗ് സെല്ലിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് നൂറനാട് പോലീസ്സ്‌റ്റേഷനില്‍ 505 (ii) (b), 268 ഐ പി സി & 120(o) വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.