വിദ്യാവനമൊരുക്കി താമരക്കുളം വി.വി.എച്ച്.എസ്.എസ്.

post

പ്രകൃതി സംരക്ഷണത്തിന് വഴികാട്ടിയാകാന്‍ കുട്ടികള്‍ക്ക് കഴിയും: മന്ത്രി പി. പ്രസാദ് 

ആലപ്പുഴ: പ്രകൃതിയെ കാത്തുസംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് മുതിര്‍ന്നവര്‍ക്കുകൂടി വഴികാട്ടിയാകാന്‍ കുട്ടികള്‍ക്ക് സാധിക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. വനംവകുപ്പ് താമരക്കുളം വി.വി.എച്ച്.എസ്.എസില്‍ മിയാവാക്കി മാതൃകയില്‍ നിര്‍മിച്ച വിദ്യാവനം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൃക്ഷത്തൈ നട്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

മനുഷ്യന്റെ ആര്‍ത്തി പ്രകൃതിക്ക് ആഘാതം സൃഷ്ടിക്കുകയാണ്. കാലാവസ്ഥാവ്യതിയാനം, ആഗോളതാപനം, പേമാരി, കൊടുങ്കാറ്റ് എന്നിവ ഇതിന്റെ പരിണിത ഫലമാണ്. വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ക്കെതിരേ പോരാടാന്‍ സാധിക്കും. മുതിര്‍ന്നവര്‍ പണത്തിനോടുള്ള ആര്‍ത്തിക്കു പുറകേ നടന്ന് മണ്ണും വായുവും ജലവും മലിനപ്പെടുത്തി പ്രകൃതിക്ക് നാശംവിതച്ച് മുന്നോട്ടുപോകുകയാണ്. എന്നാല്‍ കുട്ടികള്‍ക്ക് വഴികാട്ടികളാകാന്‍ സാധിക്കും. പ്രകൃതിയോടുള്ള അവരുടെ നിലപാടുകള്‍ ശക്തമാണെന്നും കുട്ടികളുടെ കൈയില്‍ പ്രകൃതി ഭദ്രായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാലയങ്ങളില്‍ അതിസാന്ദ്രതയില്‍ നട്ടുവളര്‍ത്തിയെടുക്കുന്ന ചെറുവനങ്ങളാണ് വിദ്യാവനങ്ങള്‍. ജലാഗിരണ ശേഷി വര്‍ധിപ്പിക്കുക, വൃക്ഷാവരണങ്ങളുടെ വിവിധ തട്ടുകളില്‍ വരുന്ന തദ്ദേശീയ ഔഷധച്ചെടികള്‍, കുറ്റിച്ചെടികള്‍, വള്ളിച്ചെടികള്‍, മരങ്ങള്‍ എന്നിവ അതിസാന്ദ്രതയില്‍ നട്ടുപിടിപ്പിച്ച് പരിപാലിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വി.വി.എച്ച്.എസ്. എസില്‍ വനം വകുപ്പ് നിര്‍മിച്ച വനം ഡിജിറ്റല്‍ ലൈബ്രറി കൂടിയാണ്. നെയിം ബോര്‍ഡിലെ ക്യു ആര്‍ കോഡ് ആന്‍ഡ്രോയ്ഡ് ഫോണില്‍ സ്‌കാന്‍ ചെയ്താല്‍ മരത്തിന്റെ പ്രത്യേകത അറിയാന്‍ കഴിയും. അഞ്ചു സെന്റില്‍ 460 വൃക്ഷ തൈകള്‍ നട്ടാണ് വനം ഒരുക്കിയത്. മുന്‍ സ്‌കൂള്‍ മാനേജര്‍ പാലയ്ക്കല്‍ ശങ്കരന്‍ നായരുടെ സ്മരണയ്ക്കാണ് കുട്ടിവനം ഒരുക്കിയിരിക്കുന്നത്. സ്‌കൂളിലെ ഫോറസ്ട്രി ക്ലബും സ്‌കൗട്ട് ആന്റ് ഗൈഡ് യൂണിറ്റും ചേര്‍ന്നാണ് വന പരിപാലനം.