2020 ല്‍ സംസ്ഥാനത്ത് 210 സ്മാര്‍ട്ട് അങ്കണവാടികള്‍ : മന്ത്രി എ.കെ ബാലന്‍

post

പാലക്കാട്: പൊതുജനങ്ങള്‍ക്കിടയില്‍ അങ്കണവാടികളെകുറിച്ചുള്ള കാഴ്ചപ്പാട് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളാല്‍ മാറ്റി മറിച്ചുവെന്ന് പട്ടികജാതിപട്ടികവര്‍ഗ്ഗ  പിന്നാക്കക്ഷേമ  നിയമ സാംസ്‌ക്കാരിക  പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. സംസ്ഥാനത്ത് 2020 ല്‍ 210 സ്മാര്‍ട്ട് അങ്കണവാടികള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. അങ്കണവാടികളുടെ സേവനങ്ങള്‍ സാധാരണക്കാരിലെത്തിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇടപെടണം. അങ്കണവാടി ജീവനക്കാരുടെ പ്രവര്‍ത്തനം കുട്ടികളെ സ്വാധീനിക്കുമെന്നും അതിനാല്‍ ജീവനക്കാര്‍ മാതൃകാപരമായ പെരുമാറ്റം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പ്രാദേശിക വികസന ഫണ്ടില്‍ വകയിരുത്തി നിര്‍മ്മിച്ച വാവുള്ള്യങ്കാട് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കുമാരന്‍ അധ്യക്ഷനായി. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.