തകഴി സാഹിത്യ പുരസ്‌കാരം കവി ശ്രീകുമാരന്‍ തമ്പി ഏറ്റുവാങ്ങി

post

ആലപ്പുഴ: സാഹിത്യ രംഗത്ത് വലിയ മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിതെന്നും നവോത്ഥാനത്തിന്റെ കാലത്ത് മാനവികതയിലേക്കുള്ള മാറ്റം നടന്നു കഴിഞ്ഞെന്നും പൊതു വിദ്യാഭ്യാസ വകുപ്പ്മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. തകഴി ശങ്കരമംഗലത്ത് നടന്ന  തകഴി സാഹിത്യ പുരസ്‌കാര വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മണ്ണിന്റെ വേദനയും ഗന്ധവും പച്ചയായ യാഥാര്‍ത്ഥ്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് പല സാഹിത്യ കൃതികളുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ശ്രീകുമാരന്‍ തമ്പിയുടെ വിവിധ കവിതകളും അദ്ദേഹം ആലപിച്ചു.

പൊതുമരാമത്തു വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. മലയാള ഭാഷക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് തകഴി സ്മാരകം നല്‍കുന്ന തകഴി സാഹിത്യ പുരസ്‌കാരം കവി ശ്രീകുമാരന്‍ തമ്പിക്ക് മന്ത്രി ജി സുധാകരന്‍ നല്‍കി. മന്ത്രി ചെയര്‍മാനായ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. കുട്ടികാലം മുതല്‍ കണ്ടും കേട്ടും പരിചയമുള്ള തകഴിയുടെ പേരിലുള്ള അവാര്‍ഡ് ലഭിച്ചതിലുള്ള സന്തോഷം കവി പ്രകടിപ്പിച്ചു. കവി റഫീഖ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സ്മാരക സമിതിയംഗം അലിയാര്‍ എം.മാക്കിയില്‍ രചിച്ച പാടവരമ്പത്ത് എന്ന കഥാസമാഹാരം ശ്രീകുമാരന്‍ തമ്പി മന്ത്രി ജി.സുധാകരന് നല്‍കി പ്രകാശനം ചെയ്തു.