സപ്ലൈകോയുടെ ജില്ലാതല ഓണംമേള സജീവം

post

പാലക്കാട് : സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സ്റ്റേഡിയം സ്റ്റാന്റിലെ പീപ്പിള്‍സ് ബസാറില്‍ നടക്കുന്ന ജില്ലാതല ഓണംമേള സജീവമാകുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിരവധി പേരാണ് ഉത്പ്പന്നങ്ങള്‍ വാങ്ങാനായി മേളയിലെത്തുന്നത്. പലചരക്ക് സാധനങ്ങള്‍ക്ക് പുറമെ പച്ചക്കറി, നേന്ത്രക്കായ, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയും മേളയില്‍ ലഭിക്കും. ചെറുപയര്‍, വന്‍പയര്‍, പച്ചരി, ജയ അരി, കുറുവ അരി, മട്ടയരി, വെള്ള ഉഴുന്ന്, പച്ചക്കടല, തൂവര പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, ശബരി വെളിച്ചെണ്ണ എന്നീ 13 ഇനങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ച സബ്സിഡി നിരക്കിലാണ് വില്‍ക്കുന്നത്. ബ്രാന്‍ഡഡ് ഉത്പ്പന്നങ്ങള്‍ക്ക് അഞ്ചു മുതല്‍ 30 ശതമാനം വരെ വിലക്കിഴിവുണ്ട്. ജില്ലയിലെ ഏതു പ്രദേശത്തുള്ളവര്‍ക്കും റേഷന്‍ കാര്‍ഡുമായെത്തിയാല്‍ ജില്ലാതല ഓണം മേളയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം. രാവിലെ 10 മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രവര്‍ത്തന സമയം. താലൂക്കുതലത്തിലും കോങ്ങാട്, നെന്മാറ, മലമ്പുഴയിലെ എലപ്പുള്ളി എന്നിവിടങ്ങളില്‍ നിയോജക മണ്ഡലാടിസ്ഥാനത്തിലും ഓഗസ്റ്റ് 16 മുതല്‍ ഓണം മേളയ്ക്ക് തുടക്കമാകും. ഈ പ്രദേശങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലായിരിക്കും മേള നടക്കുക. താലൂക്ക്, നിയോജകമണ്ഡല തലങ്ങളില്‍ ഓണം മേളയുടെ ഉദ്ഘാടനം ഓഗസ്റ്റ് 14 ന് വൈകിട്ട് നടക്കുമെന്നും റീജണനല്‍ മാനേജര്‍ അറിയിച്ചു. ഓണം മേള 20 ന് അവസാനിക്കും.