ജില്ലയില്‍ ഇതിനകം വിതരണം ചെയ്തത് 14 ലക്ഷത്തിലേറെ വാക്സിന്‍ ഡോസുകള്‍

post

പകുതിയിലേറെ പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ ലഭിച്ചു

കണ്ണൂർ: ജില്ലയില്‍ ജൂലൈ 31 വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 14,23,785 വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ജില്ലയില്‍ വാക്സിന്‍ എടുക്കാന്‍ അര്‍ഹതയുള്ള 18,05,998 പേരില്‍ 9,55,022 പേര്‍ക്ക് ഒന്നാം ഡോസും 4,68,763 പേര്‍ക്ക് രണ്ടാം ഡോസും ലഭിച്ചു. മെഗാ വാക്സിന്‍ ക്യാംപയിന്‍ നടന്ന ജൂലൈ 30, 31 തീയതികളില്‍ മാത്രം ഒരു ലക്ഷത്തോളം ഡോസ് വാക്സിനാണ് ജില്ലയില്‍ നല്‍കിയത്. 

ഇതോടെ ജില്ലയിലെ 52.88 ശതമാനം പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചു. 26 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിനും ലഭിച്ചു. കണ്ണൂര്‍ കോര്‍പറേഷനില്‍ 94,765 ഡോസുകളും ഒമ്പത് മുനിസിപ്പാലിറ്റികളിലായി 2,85,335 ഡോസുകളും 71 ഗ്രാമ പഞ്ചായത്തുകളിലായി 8,93,290 ഡോസുകളുമാണ് ഇതിനകം വിതരണം ചെയ്തത്. സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ തദ്ദേശ സ്ഥാപന തലത്തില്‍ വിതരണം ചെയ്തതിന് പുറമെ പ്രത്യേകമായി സംഘടിപ്പിച്ച 16 ക്യാംപുകള്‍ വഴി 29,220 ഡോസുകളും 42 സ്വകാര്യ ആശുപത്രികള്‍ വഴി 1,21,175 ഡോസുകളും വിതരണം ചെയ്തു. 

മെഗാ വാക്സിനേഷന്‍ നടന്ന ജൂലൈ 30ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴി 27,870 ഒന്നാം ഡോസും 12,365 രണ്ടാം ഡോസും സ്വകാര്യ സ്ഥാപനങ്ങള്‍ വഴി 3205 ഒന്നാം ഡോസും 245 രണ്ടാം ഡോസുമായി ആകെ 43,685 ഡോസുകളാണ് വിതരണം ചെയ്തത്. ജൂലൈ 31ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴി 38,431 ഒന്നാം ഡോസും 7,234 രണ്ടാം ഡോസും സ്വകാര്യ സ്ഥാപനങ്ങള്‍ വഴി 5,154 ഒന്നാം ഡോസും 606 രണ്ടാം ഡോസുമായി ആകെ 51,425 ഡോസുകളും വിതരണം ചെയ്തു. 

ജില്ലയിലെ തദ്ദേശ സ്ഥാപന തലത്തില്‍ ഇതിനകം നടത്തിയ വാക്സിന്‍ വിതരണത്തിന്റെ നിരക്ക് പരിശോധിച്ച് എല്ലാവര്‍ക്കും ജന സംഖ്യാനുപാതികമായി അത് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതിഥി തൊഴിലാളികള്‍ക്ക് വാക്സിന്‍ ലഭ്യത ഉറപ്പാക്കുന്നതിന് അവര്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക വാക്സിനേഷന്‍ ക്യാംപുകള്‍ സംഘടിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.