ഹരിത കര്‍മ്മ സേനക്ക് മെറ്റല്‍ ട്രോളികള്‍ നല്‍കി

post

ആലപ്പുഴ : മാലിന്യ നിര്‍മ്മാര്‍ജ്ജനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹരിത കര്‍മ്മ സേനക്ക് മെറ്റല്‍ ട്രോളികള്‍ നല്‍കി കരുവാറ്റ ഗ്രാമപഞ്ചായത്ത്. ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ നടത്തുന്ന വാതില്‍പ്പടി പ്ലാസ്റ്റിക് ശേഖരണം ഊര്‍ജ്ജിതമാക്കുന്നതിനാണ് മെറ്റല്‍ ട്രോളികള്‍ എത്തിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പതിനഞ്ച് വാര്‍ഡുകളിലേക്കും ഒരു ട്രോളിക്ക് 14,000 രൂപ വകയിരുത്തിയാണ് ട്രോളികള്‍ വാങ്ങി നല്‍കിയത്. ഹരിത കര്‍മ്മ സേനക്കുള്ള മെറ്റല്‍ ട്രോളികളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ടി.എസ്. താഹ നിര്‍വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. നിര്‍വ്വഹണ ഉദ്യോഗസ്ഥയായ വി.ഇ.ഒ. കവിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി. മോഹന്‍കുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷീബ ഓമനക്കുട്ടന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.കെ. നാഥന്‍, പി.ബി. ബിജു, എസ്. സുനില്‍കുമാര്‍, ഹരിത കേരളാ മിഷന്‍ റിസോഴ്‌സ്‌പേഴ്‌സണ്‍ എസ്.ദേവരത്‌നന്‍, പഞ്ചായത്ത് സെക്രട്ടറി സി.വി. അജയകുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി ഷാമില എന്നിവര്‍ പങ്കെടുത്തു.