ദേവികുളങ്ങരയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം: 42.17 കോടി രൂപയുടെ ശുദ്ധജല പദ്ധതിക്ക്‌ അനുമതി

post

ആലപ്പുഴ: ദേവികുളങ്ങര പഞ്ചായത്തിലെ ശുദ്ധജല ദൗർലഭ്യത്തിന് പരിഹാരമായി 42.17 കോടി രൂപയുടെ ശുദ്ധജല പദ്ധതിയ്ക്ക് അനുമതിയായി. ജല വിതരണത്തിന് ഇവിടെ കുഴൽക്കിണറുകൾ ഉണ്ടെങ്കിലും കിണറുകൾ കേടാകുന്നത് പതിവായതോടെ ശുദ്ധജല ലഭ്യത പ്രതിസന്ധിയിലാകുകയായിരുന്നു. സമ്പൂർണ കുടിവെള്ളം പദ്ധതി യഥാർഥ്യക്കുന്നത്തോടെ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം ലഭിക്കും. ജലജീവൻ മിഷനിൽ നിന്നും തുക അനുവദിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും.

പദ്ധതിയുടെ ഭാഗമായി അച്ഛൻകോവിലാറിലെ ജല വിതരണ പദ്ധതിയുമായി ബന്ധിപ്പിച്ച് വെള്ളം ഹരിപ്പാട് വഴി ദേവികുളങ്ങര കൂട്ടുംവാതുക്കൽ കടവിൽ എത്തിക്കും. ഇവിടെ 9 ലിറ്റർ സംഭരണിശേക്ഷിയുള്ള ജലസംഭരണി നിർമ്മിക്കും.ജലസംഭരണി സ്ഥാപിക്കുന്നതിനായി പഞ്ചായത്ത് വക സ്ഥലം വിട്ടു നൽകി കഴിഞ്ഞു. പുതിയ പദ്ധതി പൂർത്തിയാകും വരെ പഞ്ചായത്തിലെ ജലവിതരണത്തിൽ തടസ്സം നേരിടാതിരിക്കാൻ പുതുപ്പള്ളി പമ്പ് ഹൗസിൽ പുതിയ കുഴൽ കിണറും മോട്ടർ സ്ഥാപിക്കും. അഡ്വ.യു. പ്രതിഭ എംഎൽഎ യുടെ ഫണ്ടിൽനിന്നും 12 ലക്ഷം രൂപ അനുവദിച്ചാണ് കുഴൽ കിണറും മോട്ടോറും സ്ഥാപിക്കുക.

സമ്പൂർണ്ണ കുടിവെള്ള പദ്ധതിയിലൂടെ പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും ഒരുപോലെ സുഗമമായി ജലവിതരണം നടത്താൻ സാധിക്കും. പദ്ധതിയുടെ ഭാഗമായി നിലവിലുള്ള മുഴുവൻ ജലവിതരണ പൈപ്പുകളും മാറ്റി സ്ഥാപിക്കുമെന്നും ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ പറഞ്ഞു.