ജില്ലയിലെ ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കും

post

കോഴിക്കോട്: ജില്ലയിലെ ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരുടെ നേതൃത്വത്തില്‍ അവലോകനം ചെയ്തു. പഠന സൗകര്യങ്ങള്‍

കൂടുതല്‍ മികവുറ്റതാക്കുന്നതിനും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ നടപടികള്‍  ഊര്‍ജ്ജിതമാക്കാന്‍ യോഗം തീരുമാനിച്ചു.    ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കി എല്ലാ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ ഡിവൈസുള്ള ജില്ലയായി കോഴിക്കോടിനെ മാറ്റാന്‍ സാധിക്കുമെന്ന് മന്ത്രിമാര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി എം.എല്‍.എ, ജനപ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി പൊതു ക്യാമ്പയിന്‍ സംഘടിപ്പിച്ച് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സഹായം സ്വീകരിക്കും. ഇത് അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.  പഞ്ചായത്ത് പ്രസിഡന്റുമാര്‍ അതത് പഞ്ചായത്തുകളിലെ ഡിജിറ്റല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം 29 നകം ജില്ലാ കളക്ടര്‍ക്കും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കും സമര്‍പ്പിക്കണം. റിപ്പോര്‍ട്ട് പ്രകാരം ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഇതിനായി പഞ്ചായത്ത്, വാര്‍ഡ് തല സമിതികള്‍ ചേരാനും യോഗത്തില്‍ തീരുമാനമായി.

കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം എല്ലാ വിദ്യാര്‍ഥികളിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്. മിക്ക സ്ഥലങ്ങളിലും ഇന്റര്‍നെറ്റ് ലഭിക്കാത്ത പ്രശ്നം നിലനില്‍ക്കുന്നുണ്ടെന്നും ഇത്തരം പ്രദേശങ്ങള്‍ ഉടന്‍ തന്നെ കണ്ടെത്തി അവ പരിഹരിക്കണമെന്നും ജനപ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.