ശൈശവവിവാഹം, ബാലവേല തടയുന്നതിന് കൂടുതല്‍ ശ്രദ്ധ ചെലുത്തും

post

പാലക്കാട് : പാലക്കാട് ശൈശവ വിവാഹ മുക്ത ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി ശൈശവ വിവാഹങ്ങള്‍ക്കെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സി.വിജയകുമാര്‍ നിര്‍ദ്ദേശിച്ചു. ബാലാവകാശ സംരക്ഷണം ഉറപ്പാക്കാന്‍ ജില്ലയിലെ ശിശുസംരക്ഷണ മേഖലയിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. ആദിവാസി മേഖലയില്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നതും അല്ലാത്തതുമായ ബാലവിവാഹങ്ങള്‍ കണ്ടെത്തണം. ബാലവിവാഹത്തിനെതിരെ രക്ഷിതാക്കളില്‍ ഉള്‍പ്പടെ ബോധവത്ക്കരണം നല്‍കണം. കൂടാതെ ബാലവിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് പാരിതോഷികം (2500 രൂപ) നല്‍കുന്നുണ്ട്. ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കണമെന്നും യോഗത്തില്‍ പറഞ്ഞു.

അതിര്‍ത്തി മേഖലകളിലൂടെ കുട്ടികളെ ബാലവേലയ്ക്ക് കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും കര്‍ശനമായി നിരീക്ഷിക്കാന്‍ ചെക്ക് പോസ്റ്റുകളില്‍ പ്രത്യേക വിജിലന്‍സ് സെല്‍ രൂപീകരിച്ച് ഇടപെടുന്നതിന് സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. ബാലവേല തടയുന്നതിന് വ്യവസായ വകുപ്പ് അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കി. പെണ്‍കുട്ടികളെ ഉള്‍പ്പെടെ കുറഞ്ഞ വേതനത്തില്‍ എണ്ണക്കമ്പനികളിലും മറ്റും ഇടനിലക്കാര്‍ മുഖേന കടത്തുന്നത് പരിശോധിക്കാന്‍ നടപടികള്‍ സ്വീകരിക്കണം.