ഉന്നത നിലവാരമുള്ള ഭക്ഷ്യ കിറ്റ് ഉറപ്പ് ; മന്ത്രി ജി.ആര്‍.അനില്‍

post

കൊല്ലം: ഉന്നത നിലവാരമുള്ള ഉത്പന്നങ്ങള്‍ നിറച്ച സൗജന്യ ഭക്ഷ്യകിറ്റ്  ഉറപ്പാക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. ജില്ലയില്‍ നവീകരിച്ച രണ്ട് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 32 ഔട്ട്‌ലെറ്റുകള്‍ ഓണത്തിന് മുന്‍പ് സംസ്ഥാനത്തൊട്ടാകെ തുടങ്ങും. ന്യായവിലയ്ക്ക് ഗുണനിലവാരമുള്ള  വസ്തുക്കള്‍ സപ്ലൈകോ മുഖേന ലഭ്യമാക്കും. ആദിവാസി ഊരുകള്‍ ഉള്‍പ്പടെ മലയോര മേഖലകളില്‍ മൊബൈല്‍ റേഷന്‍ കടകള്‍ തുടങ്ങിയത് കൂടുതല്‍ വ്യാപകമാക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളിലേക്ക് റേഷന്‍ സംവിധാനം എത്തിക്കുകയാണ് ഇപ്പോള്‍.

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അനര്‍ഹമായി കൈവശം വച്ചിരുന്ന 1,18000 റേഷന്‍കാര്‍ഡുകളാണ് ഗുണഭോക്താക്കള്‍ സ്വമേധയ തിരിച്ച് ഏല്‍പ്പിച്ചത്. അര്‍ഹരായവര്‍ക്ക് കാര്‍ഡ് ഉറപ്പാക്കുന്നുമുണ്ട്. പുതിയതായി പ്രവര്‍ത്തനം ആരംഭിക്കുന്ന ന്യായവില ഔട്ട്ലറ്റുകളില്‍ ജനപ്രതിനിധികളുടെ ശ്രദ്ധ ഉണ്ടാകണം എന്നും മന്ത്രി ഓര്‍മിപ്പിച്ചു.  

മൈലക്കാട് ഐഡന്‍സ് ടവര്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, ആദിച്ചനല്ലൂര്‍ ഡിലൈറ്റ് ഷോപ്പിങ് കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ നവീകരിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളാണ് പ്രവര്‍ത്തനം തുടങ്ങിയത്.