മണിയാതൃക്കല്‍ തൃച്ചാറ്റുകുളം റോഡിന്റെ വികസനം പ്രദേശത്തെ ടൂറിസം വികസനത്തിന് മുതല്‍ക്കൂട്ടാകും: മുഖ്യമന്ത്രി

post

ആലപ്പുഴ: ഗ്രാമീണ മേഖലയിലൂടെ കടന്നുപോകുന്ന മണിയാതൃക്കല്‍  തൃച്ചാറ്റുകുളം റോഡിന്റെ വികസനം പ്രദേശത്തെ ടൂറിസം വികസനത്തിന് കൂടി മുതല്‍ക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അരൂര്‍ നിയോജക മണ്ഡലത്തിലെ മണിയാതൃക്കല്‍  തൃച്ചാറ്റുകുളം റോഡിന്റെ പൂര്‍ത്തീകരണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നവ കേരളത്തിലേക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ കുതിപ്പില്‍ പശ്ചാത്തല വികസനം അത്യന്താപേക്ഷിതമാണ്. റോഡുകളുടെ വികസനം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ഇത് തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി ഒട്ടേറെ നവീന പദ്ധതികളും കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ ആരംഭിച്ചു. ഇത്തവണയും അത് തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതുജനങ്ങളുമായി ഏറ്റവും അടുത്തിടപഴകുന്ന വകുപ്പാണ് പൊതുമരാമത്ത് വകുപ്പ്. ജനങ്ങള്‍ കാഴ്ചക്കാര്‍ അല്ല കാവല്‍ക്കാര്‍ ആണ് എന്ന മുദ്രാവാക്യമാണ് പൊതുമരാമത്ത് വകുപ്പ് മുന്നോട്ടുവയ്ക്കുന്നത്. ഈ മുദ്രാവാക്യം യാഥാര്‍ത്ഥ്യമാകുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. റിങ് റോഡ് എന്ന പേരില്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ച തത്സമയ ഫോണിന്‍ പരിപാടി ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. റോഡിന്റെ ഫോട്ടോ സഹിതം പരാതിപ്പെടാനായുള്ള പി.ഡബ്ല്യു.ഡി. ഫോര്‍ യു എന്ന ആപ്പ് നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പണി പൂര്‍ത്തിയായ റോഡുകള്‍ വെട്ടിപൊളിക്കുന്നതാണ് മറ്റൊരു വെല്ലുവിളി. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഏകദേശം 3000 കോടി രൂപയുടെ ബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടാകുന്നത്. ഇതിന് പരിഹാരം കാണാന്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഉണ്ടാകണം. ഇതിനായി ഒരു വെബ് പോര്‍ട്ടല്‍ വികസിപ്പിക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ടൂറിസം ഡെസ്റ്റിനേഷനുകള്‍ ഉണ്ടാക്കുക എന്ന കാഴ്ചപ്പാടൊടെയാണ് ടൂറിസം വകുപ്പ് മുന്നോട്ടു പോകുന്നത്. അതിനായി ടൂറിസം ഡെസ്റ്റിനേഷന്‍ മാപ്പ് വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ചേര്‍ത്തല എന്‍.എസ്.എസ് കോളേജ് ശ്രീനാരായണ കവലയില്‍ നിന്നും ആരംഭിച്ച് തൃച്ചാറ്റുകുളം ജംഗ്ഷനില്‍ അവസാനിക്കുന്ന ചെങ്ങണ്ട തൃച്ചാറ്റുകുളം റോഡിന്റെ മണിയാതൃക്കല്‍ മുതല്‍ തൃച്ചാറ്റുകുളം വരെയുള്ള 6.82 കി.മി. ദൂരം നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപ ചെലവില്‍ ഉന്നതനിലവാരത്തിലാണ് നിര്‍മിച്ചത്. മണിയാതൃക്കല്‍ മുതലുള്ള ആദ്യത്തെ 5.5 കി.മീ. റോഡിന്റെ വീതി നിലവിലുള്ള 5.5 മീറ്ററില്‍ നിന്ന് 7.0 മീറ്റര്‍ ആയി വര്‍ദ്ധിപ്പിച്ചു. റോഡിന്റെ 1.5 കി.മീ. നീളത്തില്‍ ശ്രെഡഡ്ഡ് പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ബി.സി. വര്‍ക്കും ചെയ്തിട്ടുണ്ട്. വെള്ളക്കെട്ട് ഒഴിവാക്കാനായി 329 മീറ്റര്‍ കാനയും നിര്‍മ്മിച്ചിട്ടുണ്ട്. റോഡു സുരക്ഷയുടെ ഭാഗമായി റോഡ് മാര്‍ക്കിങ്, സൈന്‍ ബോര്‍ഡ്‌സ്, റോഡ് സ്റ്റഡ്‌സ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. പ്രധാന ജംഗ്ഷനുകളില്‍ ടൈലുകളും വിരിച്ചിട്ടുണ്ട്.

അഡ്വ.എ. എം. ആരിഫ് എം.പി., ദലീമ ജോജോ എം.എല്‍.എ., തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ്, പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹരീഷ്മ വിനോദ്, വാര്‍ഡ് അംഗങ്ങളായ കെ. ഇ. കുഞ്ഞുമോന്‍, ബേബി ചാക്കോ, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍. അനില്‍കുമാര്‍, പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജിഷ രാമചന്ദ്രന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.