കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് സബ്‌സിഡി വിതരണം ചെയ്തു
ആലപ്പുഴ: മുഖ്യമന്ത്രിയുടെ പ്രത്യേക പലിശ രഹിത വായ്പാ പദ്ധതിയുടെ ഭാഗമായി കായംകുളം നഗരസഭയിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് സബ്‌സിഡി തുകയായ 28.26 ലക്ഷം രൂപ വിതരണം ചെയ്തു. വിതരണോദ്ഘാടനം കായംകുളം നഗരസഭാധ്യക്ഷ പി. ശശികല നിര്‍വഹിച്ചു.
സബ്‌സിഡിയുടെ ആദ്യ ഗഡുവായി നഗരസഭ പരിധിയിലെ ഈസ്റ്റ് സി.ഡി.എസിലെ 146 അയല്‍ക്കൂട്ടങ്ങള്‍ക്കായി 12,46,033 രൂപയും വെസ്റ്റ് സി.ഡി.എസിലെ 174 അയല്‍ക്കൂട്ടങ്ങള്‍ക്കായി 15,80,894 രൂപയുമാണ് വിതരണം ചെയ്തത്. വിവിധ കുടുംബശ്രീ അയല്‍കൂട്ടങ്ങളിലെ 3642 പേര്‍ക്ക് ഇതിന്റെ അനുകൂല്യം ലഭിക്കും.
നഗരസഭ വൈസ് ചെയര്‍മാന്‍ ജെ. ആദര്‍ശ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. കേശുനാഥ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മായാ ദേവി, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫര്‍സാന ഹബീബ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാമില അനിമോന്‍, നഗരസഭാംഗം പുഷ്പ്പദാസ്, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാര്‍, മെമ്പര്‍ സെക്രട്ടറി, കുടുംബശ്രീ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










