കോവിഡ് കാലത്തു നഗരത്തെ അന്നമൂട്ടിയവര്‍ക്ക് ആദരവുമായി ആലപ്പുഴ നഗരസഭ

post

ആലപ്പുഴ: ആലപ്പുഴ നഗരസഭയുടെ പരിധിയില്‍ കോവിഡ് കാലത്തു ഭക്ഷണം വിതരണം ചെയ്തവരെ ആദരിച്ചു നഗരസഭ. നഗരസഭയുടെ ഏഴു സമൂഹ അടുക്കളകളില്‍ നിന്നും പ്രതിദിനം 6000 ത്തോളം കുടുംബങ്ങളില്‍ ഭക്ഷണവും ടെലി മെഡിസിന്‍ യുണിറ്റില്‍ നിന്നും മരുന്നും എത്തിച്ചു നല്‍കിയ 1000 ത്തോളം സന്നദ്ധ സേവകരെയാണ് നഗരസഭയ്ക്ക് വേണ്ടി ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ് ആദരിച്ചത്. സമൂഹ അടുക്കളകളിലൂടെ നഗരത്തെ അന്നമൂട്ടിയ കുടുംബശ്രീ പ്രവര്‍ത്തകരെയും വിവിധ ചടങ്ങുകളില്‍ ആദരിച്ചു.

ഓരോ അടുക്കളയിലും 20 മുതല്‍ 30 വരെ സന്നദ്ധ സേവകര്‍ കഴിഞ്ഞ 53 ദിവസങ്ങളിലായി പ്രവര്‍ത്തിച്ചിരുന്നു. 52 വാര്‍ഡുകളിലായി ഭക്ഷണ വിതരണത്തില്‍ 600 ഓളം സന്നദ്ധ സേവകര്‍ പ്രവര്‍ത്തിച്ചിരുന്നു.

ജില്ലയിലെ ആദ്യ സമൂഹ അടുക്കളയായിരുന്നു ആലപ്പുഴ നഗരസഭയുടേത്.സംസ്ഥാനത്തു തന്നെ ഏറ്റവുമധികം ആളുകള്‍ക്ക് ഭക്ഷണമെത്തിച്ച തദ്ദേശ സ്ഥാപനങ്ങളില്‍ ഒന്നുമാണ് ആലപ്പുഴ നഗരസഭ. 6000 പേര്‍ക്ക് ഉച്ച ഭക്ഷണവും 4000 പേര്‍ക്ക് അത്താഴവും നല്‍കിയതാണ് ഉയര്‍ന്ന പ്രതിദിന കണക്ക്.

ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എ.ഷാനവാസ്, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ്, ഹെല്‍ത്ത് ഓഫീസര്‍ കെ.പി വര്‍ഗീസ് ,സമൂഹ അടുക്കളകളുടെ ചുമതലക്കാരായ ഉദ്യോഗസ്ഥര്‍ ,സി.ഡി.എസ് ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായി.