അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിക്ക് നിര്‍ദ്ദേശം

post

ആലപ്പുഴ: മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന അനര്‍ഹരെ പൂര്‍ണമായും ഒഴിവാക്കുന്നതിനായി ശക്തമായ നടപടി പൊതുവിതരണ വകുപ്പ് സ്വീകരിക്കുന്നു. ജില്ലയില്‍ അനര്‍ഹമായി മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്ന വ്യക്തികള്‍ ജൂണ്‍ 30ന് മുന്‍പായി പിഴ കൂടാത റേഷന്‍ കാര്‍ഡുകള്‍ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിച്ച് പൊതു വിഭാഗത്തിലേക്ക് മാറ്റേണ്ടതാണ്. ജൂണ്‍ 30ന് ശേഷം അനര്‍ഹമായി മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ , സര്‍വീസ് പെന്‍ഷന്‍കാര്‍, പ്രതിമാസ വരുമാന 25,000 രൂപയില്‍ കൂടുതലുള്ളവര്‍ , ആദായനികുതി ഒടുക്കുന്നവര്‍, സ്വന്തമായി 1000 ചതുരശ്ര അടിക്കു മേല്‍ വിസ്തീര്‍ണമുള്ള വീട്/ഫഌറ്റ് ഉള്ളവര്‍, നാലുചക്ര വാഹനം ഉള്ളവര്‍(ഏക ഉപജീവനമാര്‍ഗ്ഗം ആയ ടാക്‌സി ഒഴികെ), സ്വന്തമായി ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമി ഉളളവര്‍(പട്ടികവര്‍ഗക്കാര്‍ ഒഴികെ), കുടുംബത്തിലെ ആര്‍ക്കെങ്കിലും വിദേശജോലിയില്‍ നിന്നോ സ്വകാര്യസ്ഥാപനങ്ങളിലെ ജോലിയില്‍നിന്നോ 25,000 രൂപയിലധികം പ്രതിമാസ വരുമാനം ഉള്ളവരാണ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിന് അര്‍ഹതയില്ലാത്തവര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2251674.