രോഗികളാകാന്‍ മനസില്ലെന്ന് തീരുമാനിച്ചാല്‍ പച്ചക്കറി ഉത്പാദനം വര്‍ധിക്കും: മന്ത്രി പി. പ്രസാദ്

post

ആലപ്പുഴ നഗരസഭയുടെ പൊന്നോണ തോട്ടത്തില്‍ കൃഷിയിറക്കി

ആലപ്പുഴ: വിഷം ഭക്ഷിക്കാനും രോഗികളാകാനും മനസില്ലെന്ന് മലയാളി തീരുമാനിച്ചാല്‍ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തില്‍ വന്‍ വര്‍ദ്ധന ഉണ്ടാകുമെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ആലപ്പുഴ നഗരസഭയുടെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ പൊന്നോണ തോട്ടത്തിലെ പച്ചക്കറി തൈകളുടെ നടീല്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

പച്ചക്കറി വിപണി ഉണരുന്ന സമയമാണ് ഓണക്കാലം. പുറത്തുനിന്ന് വരുന്ന പച്ചക്കറികളില്‍ നല്ലൊരു ശതമാനം വിഷം കലര്‍ന്നതാണ്. വിഷം കലര്‍ന്ന ഭക്ഷണം ഒഴിവാക്കാനാവശ്യമായ ഇടപെടലുകള്‍ സര്‍ക്കാരും കൃഷിവകുപ്പും ചേര്‍ന്ന് നടപ്പാക്കുന്നുണ്ട്. ഐ.സി.എം.ആര്‍. പഠനങ്ങള്‍ അനുസരിച്ച് ഒരു ദിവസം ഒരാള്‍ ശരാശരി 300 ഗ്രാം പച്ചക്കറികള്‍ കഴിക്കണമെന്നാണ്. എന്നാല്‍ മലയാളികള്‍ 160 ഗ്രാം പച്ചക്കറി മാത്രമാണ് കഴിക്കുന്നത്. ശരീരത്തിന് ആവശ്യമായ പോഷക മൂല്യങ്ങള്‍ ലഭിക്കാത്തതും വിഷം കലര്‍ന്ന പച്ചക്കറി കഴിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളും മറികടക്കുന്നതിനായി കിടപ്പുരോഗികള്‍ ഒഴികെ എല്ലാവരും ദിവസവും അര മണിക്കൂറെങ്കിലും കൃഷി ചെയ്യണമെന്നും മന്ത്രി പറഞ്ഞു. 99 ശതമാനം ആളുകള്‍ക്കും ഇതു സാധിക്കും. ചെറുപ്പക്കാരും സ്ത്രീകളും ഇതിനായി മുന്നിട്ട് ഇറങ്ങണമെന്നും കൃഷിവകുപ്പും സര്‍ക്കാരും വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

നഗരസഭയുടെ ഓഫീസ് അങ്കണത്തിനു സമീപത്തെ ഒരേക്കര്‍ പുരയിടമാണ് കൃഷിക്കായി ഒരുക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി നഗരകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായാണ് നഗരസഭയുടെ നേതൃത്വത്തില്‍ മാതൃക തോട്ടം ഒരുക്കുന്നത്. ജൈവ വള പ്രയോഗവും ജൈവ കീടനാശിനിയും തുള്ളി നനയും ഉപയോഗിച്ചാണ് കൃഷി. ഇവിടത്തെ കൃഷിയുടെ ചിലവ് നഗരസഭാംഗങ്ങളും ജീവനക്കാരും തൊഴിലാളികളും ചേര്‍ന്നാണ് വഹിക്കുന്നത്. നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉത്പ്പാദന മേഖലയിലെ പ്രധാന ഇനമാണ് കരകൃഷി. 52 വാര്‍ഡുകളിലും തോട്ടങ്ങളാരംഭിക്കുകയാണ് ലക്ഷ്യം.

എച്ച്. സലാം എം.എല്‍.എ. അധ്യക്ഷത വഹിച്ചു. നഗരസഭാ പരിധിയിലെ മികച്ച കര്‍ഷകരെ എ.എം. ആരിഫ് എം.പി. ആദരിച്ചു. ഗ്രൂപ്പുകള്‍ക്കുള്ള വിത്തുവിതരണം പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ആലപ്പുഴ നഗരസഭ ജീവനക്കാരന്‍ എച്ച്. നവാസ് ശമ്പളത്തിന്റെ ഒരു നിശ്ചിത ശതമാനം സര്‍വീസ് അവസാനിക്കുന്നത് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതിന്റെ രേഖ കൃഷിമന്ത്രിക്കു കൈമാറി.

നഗരസഭാധ്യക്ഷ സൗമ്യ രാജ്, വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു തോമസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. ഷാനവാസ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന രമേശ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ബാബു, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. വിനീത, യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, നഗരസഭ സെക്രട്ടറി ബി. നീതുലാല്‍, എ.എഫ്.ഓ. സീതാരാമന്‍, നഗരസഭ അംഗങ്ങള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.