മന്ത്രിയും കളക്ടറും ഇടപെട്ടു; റെയില്‍വേ പുറമ്പോക്കില്‍ അന്തിയുറങ്ങിയിരുന്ന ഭിന്നശേഷിക്കാരന് സംരക്ഷണം

post

ആലപ്പുഴ: ആരോഗ്യ പ്രശ്നങ്ങളാല്‍ ജീവിതം വഴിമുട്ടിയ ഭിന്നശേഷിക്കാരന് ആശ്വാസമേകി ജില്ലാ ഭരണകൂടവും സാമൂഹികനീതി വകുപ്പും. ചേര്‍ത്തലയില്‍ റെയില്‍വേ പുറമ്പോക്കിലെ തട്ടുകടയില്‍ അന്തിയുറങ്ങിയിരുന്ന ശാരീരിക അവശതയുള്ള ഭിന്നശേഷിക്കാരനെക്കുറിച്ച് അറിഞ്ഞ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഇടപെട്ടാണ് സര്‍ക്കാരിന്റെ സംരക്ഷണമൊരുക്കിയത്. ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറോടും ജില്ലാ സാമൂഹികനീതി ഓഫീസറോടും ഭിന്നശേഷിക്കാരനെ സംരക്ഷിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ജില്ലാ സാമൂഹികനീതി ഓഫീസര്‍ എ.ഒ. അബീനിന്റെ നേതൃത്വത്തില്‍ സാമൂഹിക-സന്നദ്ധസേന പ്രവര്‍ത്തകര്‍ ചേര്‍ത്തലയിലെത്തി ഭിന്നശേഷിക്കാരനെ ഏറ്റെടുക്കുകയും കോവിഡ് പരിശോധനയ്ക്കും ആവശ്യമായ വൈദ്യ സഹായത്തിനുമായി

ആലപ്പുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനക്ക് ശേഷം ഭിന്നശേഷിക്കാരനെ സംരക്ഷിക്കുന്നതിനുള്ള നടപടി സാമൂഹികനീതി വകുപ്പ് സ്വീകരിക്കും.

എട്ടു വര്‍ഷം മുന്‍പ് ഇടുക്കിയില്‍ നിന്ന് ചേര്‍ത്തലയിലെത്തി വീല്‍ ചെയറില്‍ ലോട്ടറി കച്ചവടം നടത്തി വരുകയായിരുന്നു ഇയാള്‍. സ്വന്തമായി വീടില്ലാത്തതിനാല്‍ റെയില്‍വെ പുറമ്പോക്കിലെ തട്ടുകടയിലാണ് അന്തിയുറങ്ങിയിരുന്നത്. കാലില്‍ ഉണ്ടായ മുറിവും ശാരീരിക അവശതയും മൂലം കിടപ്പിലായ ഇദ്ദേഹത്തിന് സമീപ വാസികളാണ് ഭക്ഷണം നല്‍കിയിരുന്നത്.