പരാതി പരിഹാര അദാലത്ത്: തീര്‍പ്പാക്കിയത് 175 പരാതികള്‍

post

വയനാട്  : റവന്യൂ വിഭാഗവുമായി ബന്ധപ്പെട്ട പരാതികള്‍ നേരില്‍ കേള്‍ക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള മാനന്തവാടി താലൂക്കില്‍ അദാലത്ത് സംഘടിപ്പിച്ചു. എടവക, നല്ലൂര്‍നാട്, തവിഞ്ഞാല്‍, വാളാട്, പേര്യ വില്ലേജുകളിലെ പൊതുജനങ്ങളുടെ പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. വിവിധ വിഷയങ്ങളിലായി 175 പരാതികള്‍ തീര്‍പ്പാക്കി. ആകെ 525 അപേക്ഷകളാണ് പ്രശ്‌ന പരിഹാരത്തിനായി എത്തിയത്. അവശേഷിക്കുന്നവയില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍  ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.പട്ടയം, കൈവകാശം, നികുതി, അതിര്‍ത്തി തര്‍ക്കം, ധനസഹായം, ട്രൈബല്‍, ലൈഫ്,വനം  തുടങ്ങിയ വിഷയങ്ങളാണ് പരാതികളായി എത്തിയത്. മുഴുവന്‍ പരാതികളും അടിയന്തര പ്രാധാന്യത്തോടെ തീര്‍പ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
            തവിഞ്ഞാല്‍, കാഞ്ഞിരങ്ങാട്, മാനന്തവാടി വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന 499 ഏക്കര്‍  മിച്ചഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിഷയത്തില്‍ സര്‍വ്വെ നടത്താന്‍ അദാലത്തില്‍ തീരുമാനമായി. ഇതിനായി പ്രത്യേക ടീമിനെ നിയോഗിക്കാന്‍ സര്‍വ്വെ ഡയറക്ടറോട് ആവശ്യപ്പെടും. എ.കെ ഖാദര്‍ മിച്ചഭൂമി കേസില്‍ ഫെബ്രുവരി 13,14 തിയ്യതികളില്‍ പ്രത്യേക സിറ്റിംഗ് നടത്തി തെളിവ് ശേഖരിക്കും. തവിഞ്ഞാല്‍ പഞ്ചായത്തിലെ ഒരു കോളനിക്ക് കുടിവെള്ള വിതരണത്തിനായി മൂന്ന് സെന്റ് റവന്യൂ ഭൂമി വിട്ടു നല്‍കാനും അദാലത്തില്‍ തീരുമാനമായി. മാനന്തവാടി നഗരസഭ ടൗണ്‍ഹാളില്‍ നടന്ന അദാലത്തില്‍ പഞ്ചായത്ത്തല രജിസ്‌ട്രേഷന്‍ കൗണ്ടറുകളും അംഗ പരിമിതര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രത്യേകം സഹായ കേന്ദ്രങ്ങളും ഒരുക്കിയിരുന്നു. സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, ഡപ്യൂട്ടി കലക്ടര്‍ കെ.അജീഷ്, മാനന്തവാടി തഹസില്‍ദാര്‍ എന്‍.ഐ. ഷാജു, റവന്യൂ, ഫോറസ്റ്റ്, തദ്ദേശസ്വയംഭരണം, പട്ടിക വര്‍ഗ്ഗം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുത്തു.