ആലപ്പുഴ ബൈപ്പാസ്: ആര്‍.ഒ.ബി. ഒന്നിലെ ഗര്‍ഡറുകള്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായി

post

ആലപ്പുഴ: ബൈപ്പാസിലെ ആര്‍.ഒ.ബി. ഒന്നിലെ ഗര്‍ഡര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞതായി പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. ജനുവരി 27 മുതല്‍ 30വരെ തീയതികളില്‍ ഗര്‍ഡര്‍ സ്ഥാപിക്കുന്നതിന് രാത്രി 1.10 മുതല്‍ 3.30വരെ റെയില്‍വേ അനുമതി നല്‍കിയിരുന്നു. ജനുവരി 28 ന്  വെളുപ്പിന് ട്രയിന്‍ ഗതാഗതം തടസ്സപ്പെടുത്താതെ അര മണിക്കൂര്‍ കൂടി അധികമായി ലഭിച്ചത് മൂലം  മുഴുവന്‍ ഗര്‍ഡറും സ്ഥാപിക്കുവാന്‍  റെയില്‍വേ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സാധിച്ചു.

രണ്ടുദിവസം കൊണ്ട് ഗര്‍ഡറുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ഷട്ടര്‍പണി പൂര്‍ത്തിയാക്കും. തുടര്‍ന്ന് ഇരുവശവുമുള്ള സ്പാനുകള്‍ പിടിപ്പിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കും. പാലങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ച് കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് ഒന്നര മാസത്തിനുള്ളില്‍ എല്ലാ ജോലികളും പൂര്‍ത്തിയാക്കും.

ഇതോടൊപ്പം ആര്‍.ഒ.ബി. രണ്ട് കളര്‍കോട് സ്ഥാപിക്കുന്നതിനുള്ള അവസാന ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. റെയില്‍വേയുടെ അംഗീകാരത്തോടെ അഞ്ച് ഗര്‍ഡറുകള്‍ സ്ഥാപിച്ച് രണ്ട് മാസം കൊണ്ട് ക്യൂറിങ്  ഉള്‍പ്പടെ പൂര്‍ത്തീകരിച്ച് ഏപ്രില്‍ 30 തോടുകൂടി  ബൈപ്പാസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഉദ്ഘാടനം നടത്തുന്നതോടെ നാല്‍പ്പത് വര്‍ഷത്തെ ജനങ്ങളുടെ കാത്തിരുപ്പ് സഫലമാകുമെന്ന് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.