കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്; കൊവിഡ് രോഗികള്‍ക്ക് ഡയാലിസിസ് മുടങ്ങില്ല

post

പൊതുഡയാലിസിസ് സംവിധാനം ഉച്ചയോടെ പുനരാരംഭിക്കും

കണ്ണൂര്‍: ഗവ. മെഡിക്കല്‍ കോളജില്‍ താല്‍ക്കാലികമായി തടസ്സപ്പെട്ട മറ്റു രോഗികള്‍ക്കുള്ള ഡയാലിസിസ് സംവിധാനം ഇന്ന് (മെയ് 29 ശനിയാഴ്ച) ഉച്ചയോടെ പുനഃസ്ഥാപിക്കുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. എറണാകുളത്തു നിന്നെത്തിയ വിദഗ്ധ സംഘം അറ്റകുറ്റ പണികള്‍ തുടരുകയാണ്. ഡയാലിസിസ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ആര്‍ ഒ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് തകരാറിലായതിനെത്തുടര്‍ന്നാണ് ഡയാലിസിസ് ചികിത്സ താല്‍ക്കാലികമായി മുടങ്ങിയത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഇടപെട്ട് അടിയന്തിര പരിഹാര നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഡയാലിസിസ് ആവശ്യമുള്ള കൊവിഡ് രോഗികള്‍ക്കുള്ള ഡയാലിസിസ് മുടങ്ങാതെ നടക്കുന്നുണ്ടെന്നും മുടങ്ങില്ലെന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. മൂന്നാഴ്ച മുമ്പ് പഴയ പ്ലാന്റിന്റെ ഒരു മോട്ടോര്‍ കേടായത് ഡയാലിസിസ് മുടങ്ങാതെ തന്നെ പരിഹരിച്ചിരുന്നു.  നിലവിലെ പ്ലാന്റിന്റെ ഫില്‍ട്ടര്‍ മെമ്പ്രൈന്‍ തകരാറിലായതാണ് പ്രതിസന്ധിക്കിടയാക്കിയത്. ഫില്‍റ്റര്‍ മെമ്പ്രൈന്‍ തകരാര്‍ പരിഹരിച്ച്    ഇന്നുച്ചയോടെ മറ്റു രോഗികള്‍ക്കുള്ള ഡയാലിസിസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അത്യാവശ്യമുള്ള മറ്റ് ഡയാലിസ് രോഗികളെ സി എച്ച് സെന്ററിലേക്കും, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്ക് ആശുപത്രികളിലേക്കും അയച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

സ്ഥിരമായി ഡയാലിസിസ് ചെയ്യേണ്ടവരും, അടിയന്തര ഡയാലിസിസ് ചികിത്സ ആവശ്യമുള്ള ഒ പി യിലെത്തുന്ന രോഗികളുടെ ചികിത്സയുള്‍പ്പടെയായി ഇരുപത് ഡയാലിസിസ് മെഷീനുകളാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെ രണ്ടു മെഷീനുകള്‍  കൊവിഡ്  രോഗികള്‍ക്കായി പ്രത്യേകം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വതന്ത്രമായ ചെറു ആര്‍ ഒ പ്ലാന്റിന്റെ സഹായത്തോടെയാണ് ഈ രണ്ടു മെഷീനുകളുടെ പ്രവര്‍ത്തനം. ദിവസത്തിന്റെ മുഴുവന്‍ സമയവും മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നതു കാരണം പുതിയ ആര്‍ ഒ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാക്കുന്നതിനുള്ള നടപടികളും തുടങ്ങി. പുതിയത് വാങ്ങുന്നതിനുള്ള സപ്ലൈ ഓര്‍ഡര്‍ നല്‍കി.