പഞ്ചായത്തിൽ മൂന്ന് വോട്ട്, നഗരസഭ, കോർപറേഷൻ ഒറ്റ വോട്ട്
തദ്ദേശ തിരഞ്ഞെടുപ്പിന് പഞ്ചായത്തുകളിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലേക്ക് ഓരോ വോട്ട് വീതം ആകെ മൂന്ന് വോട്ടാണുള്ളത്. ത്രിതല തിരഞ്ഞെടുപ്പാണിത്. പക്ഷേ, നഗരസഭകളിലും കോർപറേഷനിലും ഒറ്റ വോട്ടാണ്. അതുകൊണ്ട് പഞ്ചായത്തുകളിൽ മൾട്ടി പോസ്റ്റ് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രവും നഗരസഭകളിൽ സിംഗിൾ പോസ്റ്റ് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രവും ആണ് ഉപയോഗിക്കുക.
സാധാരണയായി ഒരു ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് ഒരു കൺട്രോൾ യൂനിറ്റും ഒരു ബാലറ്റ് യൂനിറ്റുമാണുണ്ടാവുക. ബാലറ്റ് യൂനിറ്റിലാണ് വോട്ടർ വോട്ട് ചെയ്യുന്നത്. എന്നാൽ, തദ്ദേശ തിരഞ്ഞെട്ടപ്പിൽ പഞ്ചായത്തിൽ ഇത് വ്യത്യസ്തമാണ്. ഒരു കൺട്രോൾ യൂനിറ്റും മൂന്ന് ബാലറ്റ് യൂനിറ്റും ചേർന്നതാണ് ത്രിതല പഞ്ചായത്തിലേക്ക് ഉപയോഗിക്കുന്ന മൾട്ടി പോസ്റ്റ് ഇവിഎം. അതേസമയം, ഒരു കൺട്രോൾ യൂനിറ്റും ഒരു ബാലറ്റ് യൂനിറ്റും ചേർന്നതാണ് സിംഗിൾ പോസ്റ്റ് ഇവിഎം. കൺട്രോൾ യൂനിറ്റിന്റെ നിയന്ത്രണം പ്രിസൈഡിംഗ് ഓഫീസർക്കാണ്.
വോട്ടിംഗ് കമ്പാർട്ട്‌മെന്റിൽ വെച്ചിട്ടുള്ള മൂന്ന് ബാലറ്റ് യൂണിറ്റുകൾ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിക്കുക. വോട്ടർമാർക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി വ്യത്യസ്ത നിറങ്ങളിലുള്ള ബാലറ്റ് ലേബലുകളാണ് മെഷീനിൽ പതിക്കുന്നത്. ഗ്രാമപഞ്ചായത്തിന് വെള്ളയും ബ്ലോക്ക് പഞ്ചായത്തിന് പിങ്കും ജില്ലാ പഞ്ചായത്തിന് ഇളം നീലയുമാണ് നിറം. നഗരസഭകളിൽ വെള്ള നിറത്തിലുള്ള ലേബലുകളാണ് ഉപയോഗിക്കുന്നത്.










