ജില്ലയിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി
സമാധാനപരമായ തിരഞ്ഞെടുപ്പിനായി സഹകരിക്കുക: ജില്ലാ കളക്ടർ
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭ ഒഴികെ 92 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ, വോട്ടെടുപ്പ് ഡിസംബർ 11നും വോട്ടെണ്ണൽ ഡിസംബർ 13നും നടക്കും. വോട്ടെടുപ്പും വോട്ടെണ്ണലും സമാധാനപരമായി നടത്തുന്നതിനായി മുഴുവൻ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും സഹകരിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അരുൺ കെ വിജയൻ അഭ്യർഥിച്ചു.

71 ഗ്രാമപഞ്ചായത്തുകളിലായി 1271 വാർഡുകൾ, 11 ബ്ലോക്ക് പഞ്ചായത്തുകളിലായി 162 വാർഡുകൾ, ജില്ലാ പഞ്ചായത്തിൽ 25 ഡിവിഷനുകൾ, എട്ട് നഗരസഭകളിലായി 298 വാർഡുകൾ, കണ്ണൂർ കോർപ്പറേഷനിലെ 56 ഡിവിഷനുകൾ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. ആകെ വാർഡുകൾ 1812.
മട്ടന്നൂർ നഗരസഭയിലെ തിരഞ്ഞെടുപ്പ് 2027ലാണ്. ഡീലിമിറ്റേഷന് ശേഷം കണ്ണൂർ ജില്ലയിലെ തദ്ദേശ വാർഡുകൾ മട്ടന്നൂർ നഗരസഭ ഉൾപ്പെടെ ആകെ 1847. കൂടിയ വാർഡുകൾ 129.
ആകെ വോട്ടർമാർ
20,92,003 വോട്ടർമാരും 678 പ്രവാസി വോട്ടർമാരുമാണ് ജില്ലയിലുള്ളത്. ഇതിൽ 11,25,540 വനിതാ വോട്ടർമാരും 9,66,454 പുരുഷ വോട്ടർമാരും ഒമ്പത് ട്രാൻസ്ജെൻഡർ വോട്ടർമാരുമാണുള്ളത്. 71 ഗ്രാമപഞ്ചായത്തുകളിൽ 15,60,286 വോട്ടർമാരും എട്ട് നഗരസഭകളിൽ 3,38,654 വോട്ടർമാരും കണ്ണൂർ കോർപറേഷനിൽ 1,93,063 വോട്ടർമാരുമുണ്ട്.
5472 സ്ഥാനാർഥികൾ
ജില്ലയിൽ ത്രിതല പഞ്ചായത്തുകളിലേക്കും കോർപറേഷനിലേക്കും നഗരസഭകളിലേക്കുമായി ആകെ 5472 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ 2838 വനിതകളും 2634 പുരുഷൻമാരുമാണ്. ജില്ലാ പഞ്ചായത്തിലേക്ക് 93 സ്ഥാനാർഥികൾ (41 വനിതകൾ, 52 പുരുഷൻമാർ), 11 ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 487 സ്ഥാനാർഥികൾ (253 വനിതകൾ, 234 പുരുഷൻമാർ), 71 ഗ്രാമ പഞ്ചായത്തുകളിലേക്ക് 3793 സ്ഥാനാർഥികൾ (1970 വനിതകൾ, 1823 പുരുഷൻമാർ), എട്ട് നഗരസഭകളിലേക്ക് 891 സ്ഥാനാർഥികൾ (464 വനിതകൾ, 427 പുരുഷൻമാർ), കണ്ണൂർ കോർപറേഷനിലേക്ക് 208 സ്ഥാനാർഥികൾ (110 വനിതകൾ, 98 പുരുഷൻമാർ) എന്നിങ്ങനെയാണ് മത്സര രംഗത്തുള്ള സ്ഥാനാർഥികൾ. സ്ഥാനാർഥികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://www.sec.kerala.gov.in/election/candidate/viewCandidate എന്ന ലിങ്കിലൂടെ ലഭിക്കും.
അവസാന ബാലറ്റ് യൂണിറ്റിലെ അവസാന ബട്ടൺ
ഏതെങ്കിലും ഒന്നോ അതിലധികമോ തലത്തിലെ ബാലറ്റ് യൂണിറ്റിൽ വോട്ട് രേഖപ്പെടുത്താൻ താൽപര്യമില്ലാത്തപക്ഷം താൽപര്യമുള്ള തലത്തിലെ വോട്ട് രേഖപ്പെടുത്തിയശേഷം അവസാനത്തെ ബാലറ്റ് യൂണിറ്റിലെ അവസാന ബട്ടൺ (END ബട്ടൺ, ഇത് ചുവപ്പ് നിറത്തിലുള്ളതാണ്) അമർത്തി വോട്ടിംഗ് പൂർത്തിയാക്കാം. വോട്ട് രേഖപ്പെടുത്തൽ പൂർണമാകുമ്പോൾ നീണ്ട ഒരു ബീപ് ശബ്ദം കേൾക്കാനാകും. മൂന്ന് തലത്തിലേയും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ടെങ്കിൽ END ബട്ടൺ അമർത്തേണ്ട ആവശ്യമില്ല. END ബട്ടൺ അമർത്തിക്കഴിഞ്ഞാൽ ആ വോട്ടർക്ക് പിന്നീട് വോട്ട് ചെയ്യുവാനാകില്ല.
ഒരേ സമയം ഒന്നിൽ കൂടുതൽ ബട്ടൺ അമർത്തിയാലും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. അത് പോലെ ഒന്നിൽ കൂടുതൽ തവണ ഒരേ ബട്ടണിൽ അമർത്തിയാലും ഒരു വോട്ട് മാത്രമാണ് രേഖപ്പെടുത്തുക.
വോട്ട് ചെയ്യുന്നതിനുള്ള രഹസ്യസ്വഭാവം കാത്ത് സൂക്ഷിക്കാൻ ഓരോ വോട്ടറും ബാധ്യസ്ഥരാണ്. വോട്ടർമാർക്ക് എന്തെങ്കിലും സംശയമോ പ്രയാസമോ അനുഭവപ്പെടുന്നുവെങ്കിൽ പ്രിസൈഡിംഗ് ഓഫീസറുടെ സഹായം തേടാവുന്നതാണ്. വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാൽ അടുത്ത ആളിന് വോട്ട് ചെയ്യാനായി എത്രയും വേഗം വോട്ടിംഗ് കമ്പാർട്ട്‌മെൻറിൽ നിന്നും വോട്ടർ പുറത്തു കടക്കണം.
പോൾ മാനേജർ ആപ്പ്, ട്രെൻഡ്
വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പോളിംഗ് സ്റ്റേഷനുകളിൽനിന്ന് വേഗത്തിൽ ലഭ്യമാക്കാനാണ് പോൾ മാനേജർ ആപ്പ് ഉപയോഗിക്കുന്നത്. വോട്ടെടുപ്പ് ദിവസവും തലേ ദിവസവും പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, സെക്ടറൽ ഓഫീസർ എന്നിവരാണ് ഇത് ഉപയോഗിക്കുക. വോട്ടിംഗ് യന്ത്രങ്ങളും പോളിംഗ് സാമഗ്രികളും ഏറ്റുവാങ്ങുന്നത് മുതൽ വോട്ടെടുപ്പ് കഴിഞ്ഞ് അവ തിരിച്ചേൽപ്പിക്കുന്നത് വരെയുള്ള എല്ലാ വിവരങ്ങളും ആപ്പിൽ രേഖപ്പെടുത്തും.
തിരഞ്ഞെടുപ്പ് ഫലം കമ്മീഷന്റെ ട്രെൻഡ് എന്ന ലിങ്കിലൂടെ തത്സമയം അറിയാം. ട്രെൻഡ് ഡാറ്റ എൻട്രിക്ക് 20 വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കുമായി ഇൻഫർമേഷൻ കേരള മിഷൻ ടെക്നിക്കൽ അസിസ്റ്റൻറുമാരെ നിയോഗിച്ചിട്ടുണ്ട്. ട്രെൻഡ് വെബ്സൈറ്റ് വിലാസം: https://www.sec.kerala.gov.in/public/te










