ഹരിത മാതൃകയായി അത്തിതട്ട് ബൂത്ത്

post

മാലിന്യം നിക്ഷേപിക്കാൻ ഓലമെടഞ്ഞ വല്ലം. അലങ്കാരത്തിനായി വട്ടിയും മുറങ്ങളും വള്ളങ്ങളും കൂടാതെ പൂക്കളും മൺചട്ടികളും. വോട്ടർമാർക്ക് വെള്ളം കുടിക്കാൻ മൺകൂജയും മൺഗ്ലാസും. പുൽപായയിൽ 'ഹരിത ബൂത്ത്' എന്ന് രേഖപ്പെടുത്തിയ ബോർഡ്. പോളിംഗ് സ്റ്റേഷനിലേക്കുള്ള പ്രവേശന കവാടം മുതൽ തന്നെ പയഞ്ചേരി എൽ പി സ്‌കൂളിൽ ഹരിതസൗന്ദര്യം വോട്ടർമാർക്ക് ആസ്വദിക്കാം. ഇരിട്ടി നഗരസഭയിലെ 11, 12 വാർഡുകൾ അടങ്ങിയ അത്തിതട്ടിൽ ഒരുക്കിയ പോളിംഗ് ബൂത്തിലാണ് ഹരിതചട്ടം കർശനമായി പാലിച്ചുകൊണ്ടുള്ള മാതൃകാ ബൂത്തായി മാറിയത്.


ബൂത്തിന്റെ മുഴുവൻ ഒരുക്കങ്ങളിലും പ്ലാസ്റ്റിക് വസ്തുക്കൾ പൂർണമായി ഒഴിവാക്കി പ്രകൃതി സൗഹൃദ സാമഗ്രികളെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഈന്തോല, ഓല, പായ, പുൽപായ, പനയോല എന്നിവ ഉപയോഗിച്ചാണ് വഴിയും ചുറ്റുപാടും സജ്ജീകരിച്ചിരിക്കുന്നത്. ഹരിതചട്ടം പാലിച്ച് വോട്ട് രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശങ്ങളും ബൂത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഫ്‌ളക്‌സ് ബോർഡുകളും ബാനറുകളും ഉൾപ്പെടെ നിരോധിത സാമഗ്രികൾ ഒഴിവാക്കി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ ഹരിത മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് മുഴുവൻ ക്രമീകരണവും. ഇരിട്ടി നഗരസഭയുടെ ഹരിതകർമസേനാ പ്രവർത്തകരാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരിക്കുന്നത്. സി രേഷ്മ, എ ഷിക എന്നിവരാണ് ബൂത്തിന്റെ ഹരിത പ്രവർത്തനത്തിന്റെ ചുമതലയിലുള്ളത്.