ഇരുപതിനായിരത്തിലധികം അതിഥികള്‍ക്ക് തൊഴില്‍ വകുപ്പിന്റെ ഭക്ഷ്യ കിറ്റ് നല്‍കി

post

എറണാകുളം: ജില്ലയില്‍ 20270 അതിഥി തൊഴിലാളികള്‍ക്ക് സംസ്ഥാന തൊഴില്‍ വകുപ്പ് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. ജില്ലയില്‍ താമസിച്ച് വിവിധ തൊഴിലുടമകള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഭക്ഷ്യകിറ്റുകള്‍ നല്‍കിയത്. 52000 ലധികം തൊഴിലാളികളുടെ വിവരങ്ങളാണ് ഇതിനകം വകുപ്പ് ശേഖരിച്ചിട്ടുള്ളത്. വിവിധ തൊഴിലുടമകളുടെ കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ഉടന്‍ ആരംഭിക്കും.

ജില്ലയിലെ 10 അസി. ലേബര്‍ ഓഫീസര്‍മാര്‍ മുഖേനയാണ് കിറ്റ് വിതരണം പുരോഗമിക്കുന്നത്. ഭക്ഷ്യസാധനങ്ങള്‍ക്ക് ബുദ്ധിമുട്ടുന്നതായി വകുപ്പിന്റെ സംസ്ഥാന -ജില്ലാ കോള്‍ സെന്ററുകളില്‍ വരുന്ന പരാതികള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണാന്‍ കഴിയുന്നുണ്ട്. കോവിഡ് പോസിറ്റീവ് ആയി ക്വാറന്റൈനില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി അവശ്യവസ്തുക്കളടങ്ങിയ കിറ്റ് എത്തിച്ചുവരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ കൂടി സഹകരണത്തോടെയാണ് ജില്ലയില്‍ പ്രവര്‍ത്തനം ചിട്ടപ്പെടുത്തുന്നത്.

ജില്ലാ കളക്ടര്‍ എസ് സുഹാസ്, അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ള നോഡല്‍ ഓഫീസര്‍ കൂടിയായ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) പി എന്‍ പുരുഷോത്തമന്‍ എന്നിവര്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗമായി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു.

ഇരുപതിനായിരാമത്തെ കിറ്റ് ചിറ്റാട്ടുകരയില്‍ എറണാകുളം റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഡി സുരേഷ് കുമാര്‍ ഒഡീഷ സ്വദേശി ജിതേന്ദ്ര മല്ലിക്കിന് കൈമാറി.