കരുമാല്ലൂർ ഖാദി സാരിയുടേയും അഡ്വക്കേറ്റ്സ് കോട്ടിൻ്റെയും വിപണനോദ്ഘാടനം സംഘടിപ്പിച്ചു

post

ഖാദി ബോർഡിൻ്റെ നേതൃത്വത്തിൽ എറണാകുളം കരുമാല്ലൂർ ഖാദി സാരിയുടേയും അഡ്വക്കേറ്റ്സ് കോട്ടിൻ്റെയും വിപണനോദ്ഘാടനം വ്യവസായ വാണിജ്യവകുപ്പ്  മന്ത്രി പി.രാജീവ് നിർവ്വഹിച്ചു. തുടർന്ന് സംഘടിപ്പിച്ച സ്വദേശി ഫാഷൻ ഷോയിൽ ഖാദിക്ക് വേണ്ടി മന്ത്രി റാമ്പ് വാക്കും നടത്തി.

ഖാദി പഴയ ഖാദിയല്ലെന്നും ഇന്ന് ഏത് ഡിസൈനിലും ഖാദി വസ്ത്രങ്ങൾ ലഭിക്കുമെന്നും വിപണനോദ്ഘാടന ചടങ്ങിൽ മന്ത്രി പറഞ്ഞു. കരുമാല്ലൂർ ഖാദി സാരികൾക്ക് ജിയോ ടാഗ് ലഭിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ലോകോത്തര ബ്രാൻ്റുകളോട് കിടപിടിക്കാൻ കഴിയുന്ന തരത്തിലാണ് ഇപ്പോഴത്തെ ഖാദി വസ്ത്രങ്ങൾ യുവ തലമുറ നല്ല രീതിയിൽ സ്വീകരിക്കുന്നുണ്ട്. ഓണക്കാലത്ത് പുതിയ ട്രെൻ്റുകളിലുള്ള വസ്ത്ര വൈവിധ്യങ്ങളാണ് ഖാദി ബോർഡ് വിപണിയിലെത്തിക്കുന്നതെന്നും മന്ത്രി കുട്ടിച്ചേർത്തു.


സെന്റ് തെരേസാസ് കോളേജിലെ പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കരുമാല്ലൂർ ഖാദി സാരികളുടെയും അഡ്വക്കേറ്റ്സ് കോട്ടിൻ്റെയും വിപണനോദ്ഘാടനം യഥാക്രമം സെൻ്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ. അനു ജോസഫിനും സ്റ്റേറ്റ് അറ്റോണി അഡ്വ. എൻ. മനോജ് കുമാറിനും നൽകി മന്ത്രി നിർവഹിച്ചു.

കളമശേരി മണ്ഡലത്തിലെ കരുമാല്ലൂർ ഗ്രാമ പഞ്ചായത്തിൽ നിർമ്മിക്കുന്ന കരുമാല്ലൂർ ഖാദി സാരികൾ പൂർണമായും കൈ കൊണ്ടാണ് നിർമ്മിക്കുന്നത്. വിവിധങ്ങളായ ഡിജിറ്റൽ പ്രിൻ്റിംഗ് കൂടി പൂർത്തിയാകുന്നതോടെ പ്രീമിയം നിലവാരത്തിലുള്ള വസ്ത്രമായി മാറും.

ഖാദി വസ്ത്രങ്ങളെ യുവ തലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സ്വദേശി 2.0 ഫാഷൻ ഷോ സംഘടിപ്പിച്ചത്. കോളേജ് അധികൃതരുടെ ആവശ്യ പ്രകാരമായിരുന്നു മന്ത്രി റാമ്പിലൂടെ നടന്നത്. വൻ കരഘോഷത്തോടെയായിരുന്നു മന്ത്രിയെ കാണികൾ എതിരേറ്റത്. സെൻ്റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈനിംഗ് വിഭാഗമാണ് ഷോക്ക് നേതൃത്വം നൽകിയത്. കോളേജിൽ നിന്നുള്ള 20 മോഡലുകളായിരുന്നു ഷോയിൽ അണി നിരന്നത്.

ചടങ്ങിൽ ഖാദി ബോർഡ് ഡയറക്ടർമാരായ കെ. ചന്ദ്രശേഖരൻ, കെ.എസ് രമേശ് ബാബു, സാജൻ തൊടിക, ഖാദി ബോർഡ് സെക്രട്ടറി കെ.എ രതീഷ്, കോളേജ് ഡയറക്ടർ സിസ്റ്റർ ടെസ, ഖാദി ബോർഡ് എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസർ എസ് ശിഹാബുദീൻ തുടങ്ങിയവർ പങ്കെടുത്തു.