ഊരുത്സവത്തിന് കരുമാല്ലൂരിൽ വർണ്ണാഭമായ തുടക്കം

post

പട്ടികവർഗ്ഗ വിഭാഗക്കാരുടെ ഉന്നമനം ഊരുത്സവങ്ങളുടെ ലക്ഷ്യം- മന്ത്രി ഒ ആർ കേളു

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഉന്നതികളിൽ സംഘടിപ്പിക്കുന്ന ഊരുൽസവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കരിമാല്ലൂരിൽ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു. പട്ടികവർഗ്ഗ വിഭാഗക്കാരുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് സംസ്ഥാനത്തെ എല്ലാ ഉന്നതികളിൽ ഊരുത്സവം സംഘടിപ്പിക്കുന്നതെന്ന് ചടങ്ങിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു.

സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ഉന്നതികളിലും ഊരുത്സവം,സെമിനാറുകൾ,കലാപരിപാടികൾ, കായികപരിപാടികൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും.കരുമാല്ലൂർ ഉന്നതിയിൽ വിവിധ വികസനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനായി ഒരു കോടി രൂപ കൈമാറുമെന്നും മന്ത്രി പറഞ്ഞു.

ഈ കാലം വരെയുള്ള വകുപ്പിന്റെ നേട്ടങ്ങളും വകുപ്പിന് വേണ്ട മാറ്റങ്ങളും ചർച്ച ചെയ്യുന്നതിനായി കോൺക്ലേവ് സംഘടിപ്പിക്കും.പട്ടികവർഗ്ഗ വിഭാഗത്തിലെ ആളുകളുടെ ഉന്നമനത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. വിദ്യാർത്ഥികൾക്കായി തൊഴിലധിഷ്ഠിത കോഴ്സുകൾ കൂടുതലായി നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പട്ടികവർഗ വികസന വകുപ്പിൻ്റെ സുവർണ ജൂബിലി പ്രമാണിച്ച് ഒരു വർഷം നീളുന്ന വൈവിധ്യമാർന്ന വേദികളിലൂടെ പുതിയ ദിശാബോധത്തിനും സമഗ്രമായ ഉന്നമനത്തിനും കേരളത്തിലെ ഗോത്ര സമൂഹങ്ങൾക്കൊപ്പം സർക്കാർ ഇടപെടുന്നതിൻ്റെ തുടക്കമാണ് ഊരുത്സവം.

ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. കരുമാല്ലൂരിൽ ഖാദി ബോർഡിന്റെ കീഴിലുള്ള ട്രൈബൽ സൊസൈറ്റിയും ,കോമൺ ഫെസിലിറ്റി സെന്ററും ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കരുമാല്ലൂരിലുള്ള എസ് ടി സങ്കേതം, അംബേദ്കർ പദ്ധതിയിൽ ഉൾപ്പെടുത്തി പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വെളിയത്തുനാട് ഗവൺമെന്റ് മോഡൽ പ്രീ സ്കൂളിൽ നടന്ന ചടങ്ങിൽ കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത നാസർ , പട്ടികവർഗ്ഗ വികസന ഉപദേശക സമിതി അംഗം ഊരുമൂപ്പൻ ആർ ദാമോദരൻ,മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്മെന്റ് മാനേജർ കെ ജി മനോജ് , ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ജോബി വർഗ്ഗീസ്,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന ബാബു,ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി സുധി, വാർഡ് മെമ്പർമാരായ അബ്ദുൽ സലാം, അയ്യപ്പൻ, സൂസൻ വർഗ്ഗീസ്, റംല ലത്തീഫ്, ജിൽഷ തങ്കപ്പൻ, ജിജി അനിൽകുമാർ,ലൈജു , രാഷ്ട്രീയ പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.