കർഷക ദിനാചരണം ഉദ്ഘാടനം ചെയ്തു

post

കളമശ്ശേരിക്ക് കാർഷിക രംഗത്ത് പുരോഗതി കൈവരിക്കാൻ സാധിച്ചു : മന്ത്രി പി രാജീവ്

എറണാകുളം കളമശ്ശേരി നഗരസഭയുടെ കർഷക ദിനാഘോഷം കങ്ങരപ്പടി എസ്എൻഡിപി സ്കൂളിൽ വ്യവസായി വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.

വ്യവസായ തലസ്ഥാനമായി അറിയപ്പെടുന്ന കളമശ്ശേരിക്ക് "കൃഷിക്ക് ഒപ്പം കളമശ്ശേരി" പദ്ധതിയിലൂടെ കാർഷിക രംഗത്തും പുരോഗതി കൈവരിക്കാൻ സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു.

കൃഷിയ്ക്ക് ഒപ്പം കളമശ്ശേരി മികച്ച രീതിയിൽ നടപ്പാക്കുന്നതിന് കൃഷിഭവന്റെയും നഗരസഭയുടെയും സഹകരണം ഏറെ പ്രശംസനീയമാണ് . പദ്ധതിയുടെ ഭാഗമായി പച്ചക്കറി കർഷകരിൽ നിന്നും ശേഖരിക്കുന്ന ഉത്പനങ്ങൾ വിപണനം ചെയുന്നതിനായി ഫാം ടു പ്ലേറ്റ് സംവിധാനം ഈ മാസം മുതൽ നടപ്പിലാക്കും. ഇതിലൂടെ കളമശ്ശേരി മണ്ഡലത്തിലെ തോട്ടത്തിൽ നിന്നുമുള്ള കാർഷിക ഉത്പന്നങ്ങൾ നേരെ തീൻമേശയിലേക്ക് എത്തിയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ചടങ്ങിൽ മുതിർന്ന കർഷകനായ മാത്യു പാലയത്തിനെ ആദരിച്ചു. വിവിധ വിഭാഗങ്ങളിലായി തിരഞ്ഞെടുത്ത മികച്ച കർഷകർക്ക് ആദരവ് നൽകി. മികച്ച മുതിർന്ന കർഷകനായ കെ സി വർഗീസ് കുട്ടി, മികച്ച കർഷകനായ എൻ വി കുമാരൻ, മികച്ച കർഷക തൊഴിലാളി കെ വി ശശി, മികച്ച വനിതാ കർഷക സീനത്ത് നസീർ, മികച്ച ജൈവ കർഷകൻ എൻ കെ ശിവദാസ്, മികച്ച സമ്മിശ്ര കർഷക സുലൈഖ ഹമീദ്, മികച്ച സമ്മിശ്ര കർഷകൻ പി പി രാമകൃഷ്ണൻ, മികച്ച പട്ടികജാതി കർഷകൻ കെ എ രാജൻ, മികച്ച പുഷ്പ കർഷക ജാസ്മിൻ ഫാസില, മികച്ച യുവ കർഷകൻ ശരത് കൃഷ്ണൻ, മികച്ച ക്ഷീര കർഷകൻ പി ഐ നിസാർ, മികച്ച മട്ടുപ്പാവ് കർഷക ലൈല ഇബ്രാഹിം, മികച്ച വിദ്യാർത്ഥി കർഷക ആര്യ നന്ദ എന്നിവർക്കാണ് ആദരവ് നൽകിയത്.

മികച്ച കൃഷിക്കൂട്ടമായ ലോട്ടസ് കൃഷിക്കൂട്ടം, മികച്ച കൃഷി ചെയ്യുന്ന സ്ഥാപനമായി രാജഗിരി എച്ച് എസ് എസ് എന്നിവർക്കും സ്പെഷ്യൽ ജൂറി പരാമർശത്തിന് നെൽകൃഷി പുനരധിവാസ പ്രവർത്തനം നടത്തുന്ന പൊന്നക്കുടം ക്ഷേത്ര ട്രസ്റ്റിനെയും ചടങ്ങിൽ ആദരിച്ചു.

കാർഷിക ദിനത്തോടനുബന്ധിച്ച് കൃഷിവകുപ്പ് സംഘടിപ്പിച്ച കവിത രചന, ചിത്രരചന മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനാണ് കൃഷിഭവൻ കൂടുതൽ ശ്രദ്ധ നൽകുന്നത്. അതിനായി അടുത്ത കൃഷി ഇറക്കുന്ന കർഷകർക്കായി ഒക്കൽ സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിൽ ശാസ്ത്രീയമായി ഉത്പാദിപ്പിച്ച ജ്യോതി ഇനത്തിൽപ്പെട്ട നെൽ വിത്ത് വിതരണം ചെയ്തു. ചടങ്ങിന്റെ ഭാഗമായി സംയോജിത വളപ്രയോഗം എന്ന വിഷയത്തിൽ റിട്ടയേഡ് കൃഷി ഓഫീസർ പി എം ജോഷി പരിശീലന ക്ലാസും നടത്തി.

ചടങ്ങിൽ കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷത വഹിച്ചു. വികസന കാര്യ കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി പീറ്റർ, നഗരസഭ വൈസ് ചെയർപേഴ്സൺ സൽമ അബൂബക്കർ, നഗരസഭ വിദ്യാഭ്യാസ കല കായിക കമ്മിറ്റി ചെയർമാൻ കെ എസ് സുബൈർ, വാർഡ് കൗൺസിലർ ലിസി കാർത്തികേയൻ, കളമശ്ശേരി കൃഷി ഓഫീസർ അഞ്ജു മറിയം എബ്രഹാം, തൃക്കാക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി എസ് എ കരീം, ജില്ലാ കർഷക ഉപദേശക സമിതി അംഗം എൻ ആർ ചന്ദ്രൻ, അസിസ്റ്റന്റ് അഗ്രികൾച്ചർ ഓഫീസർ ആർ സജി , നഗരസഭ സെക്രട്ടറി ഇൻചാർജ് ലെനിൻ, കാർഷിക വികസന സമിതി അംഗങ്ങൾ, വാർഡ് കൗൺസിലർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.