തിരുമാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം

post

തിരുമാറാടി ഗവ. വി എച്ച് എസ് എസ് നവീകരണത്തിന് ഒരു കോടി രൂപ അനുവദിക്കും

എറണാകുളം തിരുമാറാടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു .സ്കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.

കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും അവരുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനും അധ്യാപകർക്ക് മികച്ച പരിശീലനം നൽകുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധരാണ്.

ഓരോ കുട്ടിക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. സ്കൂളുകളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിലൂടെ കൂടുതൽ മികച്ച സൗകര്യങ്ങളും ആധുനിക പഠനരീതികളും നടപ്പിലാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകി അവരെ സ്വയംപര്യാപ്തരാക്കാൻ സഹായിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

എംഎൽഎ ഫണ്ട് ഒരുകോടി രൂപയും ചേർത്ത് രണ്ടുകോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്താൻ ചടങ്ങിൽ മന്ത്രി നിർദ്ദേശം നൽകുകയും ചെയ്തു. സ്കൂളിലെ നിലവിലെ സ്ഥിതിഗതികൾ പരിശോധിച്ചശേഷമാണ് മന്ത്രി ഇത്തരം ഒരു നിർദ്ദേശം നൽകിയത്. ഇതിനുപുറമെ ജില്ലാ പഞ്ചായത്ത് അംഗം ആശാ സനിലിന്റെ വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചിലവഴിച്ച് സ്കൂൾ ഓഡിറ്റോറിയം നവീകരണവും നടത്തും.

പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ട് ഒരു കോടി രൂപ ചിലവഴിച്ചാണ് തിരുമാറാടി ഗവ. വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. നിലവിൽ ഉണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

തിരുമാറാടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന് അനൂപ് ജേക്കബ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്മിത എൽദോസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഉല്ലാസ് തോമസ്, ശാരദ മോഹൻ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ആശാ സനിൽ, തിരുമാറാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം ജോർജ് , എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പി ബി രതീഷ്, തിരുമാറാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൾ നൈജ നായർ, ഹെഡ്മാസ്റ്റർ സി കെ ഷക്കിർ , ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി.