പാണാവള്ളി ഇനി ഗ്രീന്‍ ആന്‍ഡ് ക്ലീന്‍

post

ആലപ്പുഴ: ഒരാഴ്ചത്തെ മഹാശുചീകരണ യജ്ഞത്തിലൂടെ സമൂഹത്തിന് മാതൃകയാവുകയാണ് പാണാവള്ളി ഗ്രാമ പഞ്ചായത്ത്. വാര്‍ഡ്തല ശുചീകരണ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടക്കുന്നത്.പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വീടുകളില്‍ നിന്നും പരിസരങ്ങളില്‍ നിന്നും ശേഖരിച്ച് തരംതിരിച്ചെടുക്കുന്ന പ്ലാസ്റ്റിക് ജനുവരി 31 മുതല്‍ ഹരിതകര്‍മ്മസേന, കുടുംബശ്രീ എ.ഡി.എസ്, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുടെ സഹകരണത്തോടെ വാര്‍ഡ്തലത്തിലെ പ്രത്യേക കേന്ദ്രങ്ങളിലേയ്ക്ക് മാറ്റും. തുടര്‍ന്ന് പഞ്ചായത്തിലെ എം.സി.എഫ് കേന്ദ്രങ്ങളില്‍ എത്തിയ്ക്കുന്ന തരംതിരിച്ച പ്ലാസ്റ്റിക്ക് ശുചിത്വമിഷന് കൈമാറും.

സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിച്ച് പ്ലാസ്റ്റിക്കിനെ പാടെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്.പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.പ്രദീപ് കുടയ്ക്കല്‍ നിര്‍വഹിച്ചിരുന്നു. പാതയോരങ്ങളിലും വീട്ടിന്റെ പരിസരങ്ങളിലും കുമിഞ്ഞ്കൂടിയ പ്ലാസ്റ്റിക്കിനെ ഒഴിവാക്കി മാലിന്യരഹിത പഞ്ചായത്തെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.