ആലപ്പുഴ ബൈപ്പാസിലെ ആര്‍.ഓ.ബിയുടെ ആദ്യ ഗര്‍ഡര്‍ സ്ഥാപിച്ചു

post

ആലപ്പുഴ: ബൈപ്പാസിന്റെ മാളികമുക്ക് ജങ്ഷനിലുള്ള ഒന്നാമത്തെ റെയില്‍വേ ഓവര്‍ബ്രിഡ്ജിന്റെ ആദ്യ ഗര്‍ഡര്‍ സ്ഥാപനം തിങ്കളാഴ്ച പുലര്‍ച്ചെ നടന്നു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ അധ്യക്ഷതയില്‍ എ.എം.ആരിഫ് എം.പിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം കളക്ട്രേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ റെയില്‍വേയുടെയും ദേശീയ പാതാ വിഭാഗത്തിന്റെയും പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച്, ഏപ്രില്‍ 30  ഓടെ ബൈപ്പാസിന്റെ പണി പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കിയിരുന്നു. യോഗ തീരുമാനപ്രകാരം റെയില്‍വേ ഉദ്യോഗസ്ഥരുടെയും ദേശീയ പാത വിഭാഗം എന്‍ജിനിയര്‍മാരുടെയും സാന്നിധ്യത്തിലായിരുന്നു ആദ്യ ഗര്‍ഡര്‍ സ്ഥാപിച്ചത്. ഇതിനായി പുലര്‍ച്ചെ 1.30 മുതല്‍ 3.30 വരെ ഈ ഭാഗത്തുകൂടിയുള്ള റെയില്‍ഗതാഗതം ബ്ലോക്ക് ചെയ്തു. ആദ്യ ഗര്‍ഡര്‍ സ്ഥാപിച്ചതോടെ ഇനി നാല് ഗര്‍ഡറുകള്‍ കൂടി ഇവിടെ സ്ഥാപിക്കേണ്ടതുണ്ട്. അതിനുള്ള നടപടികള്‍ തുടരുകയാണ്. ജനുവരി 30 വരെയാണ് റെയില്‍ ഗതാഗതം ബ്ലോക്ക് ചെയ്യുന്നതിനുള്ള അനുമതി റെയില്‍വേ നല്‍കിയിട്ടുള്ളത്. ഗര്‍ഡര്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായി സമീപത്തെ സര്‍വീസ് റോഡുകളില്‍ രാത്രി കാലത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബൈപ്പാസ് സംബന്ധിച്ച് നേരത്തെ മന്ത്രി ജി.സുധാകരനും എ.എം.ആരിഫ് എം.പിയും സതേണ്‍ റെയില്‍വേ ഉന്നതാധികാരികളുമായി സംസാരിച്ച് റെയില്‍വേയുടെ ഭാഗത്തു നിന്നുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബൈപ്പാസിന്റെ 85 ശതമാനം ജോലികളും ഈ സര്‍ക്കാരിന്റെ കാലത്താണ് പൂര്‍ത്തീകരിച്ചത്.