അതിഥി തൊഴിലാളികള്‍ക്കായി അരൂരില്‍ ഗൃഹ പരിചരണ കേന്ദ്രം

post

ആലപ്പുഴ: കോവിഡ് 19 രണ്ടാം വ്യാപനത്തിന്റെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്കായി അരൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഗൃഹവാസ പരിചരണ കേന്ദ്രം ( ഡി. സി. സി ) അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി ഉദ്ഘാടനം ചെയ്തു.തൊഴില്‍ വകുപ്പ്,  വ്യവസായ സംഘടനകള്‍, അരൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍  ചന്തിരൂര്‍ പാലസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഗൃഹവാസ പരിചരണ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. ജില്ലയിലെ വടക്കന്‍ മേഖലയിലെ അതിഥി തൊഴിലാളികള്‍ക്കായാണ് അരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗൃഹവാസ പരിചരണ കേന്ദ്രം ഒരുക്കിയത്. നിലവില്‍ 75 കിടക്കകളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. അതിഥി തൊഴിലാളികളായ കോവിഡ് ബാധിതരെയാണ് ഇവിടെ താമസിപ്പിക്കുന്നത്. ഇവര്‍ക്ക് ആവശ്യമുള്ള ഭക്ഷണം അരൂര്‍ ഗ്രാമപഞ്ചായത്തിലെ സമൂഹ അടുക്കള വഴിയാണ് എത്തിക്കുക. പഞ്ചായത്തിലെ നാല് വോളണ്ടിയര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാകും.

ചടങ്ങില്‍ അരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ബിജു, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.കെ ഉദയകുമാര്‍, പഞ്ചായത്ത് അംഗം കവിത ശരവണന്‍,  ജില്ലാ ലേബര്‍ ഓഫീസര്‍മാരായ എം. എസ്. വേണുഗോപാല്‍, ആര്‍. ഷൈലജ, അരൂര്‍ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്‍ പ്രസിഡന്റ് അമര്‍നാഥ്, സെക്രട്ടറി ജീവന്‍, സീ ഫുഡ് മാനുഫാക്ച്ചേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് നാസര്‍, എം. എസ് അനസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.