ഹൗസ്‌ബോട്ടുകളുടെ പ്രവര്‍ത്തനരീതി കുറ്റമറ്റതാക്കാന്‍ സംവിധാനമൊരുക്കും: ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

post

ആലപ്പുഴ: ജില്ലയിലെ ഹൗസ്‌ബോട്ടുകളുടെ പ്രവര്‍ത്തനരീതി  കൃത്യമാക്കുന്നതിനും സുരക്ഷ സജ്ജീകരണങ്ങള്‍ ഉറപ്പാക്കുന്നതിനും സംവിധാനമൊരുക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം തീരുമാനിച്ചു. ഈയിടെ നടന്ന ഹൗസ് ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തരയോഗം  കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ എം അഞ്ജനയുടെ അധ്യക്ഷതയില്‍ നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡ്ന്റ് ജി വേണുഗോപാല്‍ പങ്കെടുത്തു.
ജില്ലയിലെ എല്ലാ ഹൗസ്‌ബോട്ടുകള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. രജിസ്‌ട്രേഡ് അല്ലാത്ത ബോട്ടുകള്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍  രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം നല്‍കും. ജീവനക്കാരുടെ കുറവുമൂലം,  രജിസ്‌ട്രേഷന്‍ ഉറപ്പാക്കുന്നതില്‍ പോര്‍ട്ട് അതോറിറ്റിക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടാവുകയാണെങ്കില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം ഇടപെടും. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഹൗസ് ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടിയെടുക്കും. സുരക്ഷാ സംബന്ധമായ  മാനദണ്ഡം തീരുമാനിക്കുന്നതിനായി വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു ഉപദേശക സമിതി രൂപികരിക്കും.  പോര്‍ട്ട് അതോറിററി , നേവി, ടൂറിസം,  പോലിസ്, അഗ്‌നിശമനസേന,, വൈദ്യുതി, ജില്ലാ പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികള്‍, ജില്ലയിലെ ഹൗസ് ബോട്ട് ഉടമകളുടെ  പ്രതിനിധികള്‍, കുസാറ്റ് ഷിപ്പ് ടെക്നോളജി വിഭാഗം തുടങ്ങിയവര്‍ അടങ്ങുന്നതാവും സമിതി.  വഞ്ചിവീടുകളില്‍ ലഭ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് അവയ്ക്ക് ഗ്രേഡിംഗ് നല്‍കാനും പദ്ധതിയുണ്ട്.
ജില്ലാഭരണകൂടം അനുവദിക്കുന്ന നിശ്ചിതസമയത്തിനു ശേഷവും രജിസ്റ്റര്‍ ചെയ്യാത്ത  ഹൗസ്‌ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.ഹൗസ്‌ബോട്ടുകളിലെ ജീവനക്കാര്‍ക്ക് സുരക്ഷാ സംബന്ധമായ കാര്യങ്ങളില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കാനും യോഗം തീരുമാനിച്ചു.തുടര്‍ന്ന് ജില്ലാ കലക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഹൗസ് ബോട്ട് ഉടമകളുമായി ചര്‍ച്ച നടത്തുകയും സഹകരണം ആവശ്യപ്പെടുകയും ചെയ്തു. യോഗത്തില്‍ ജില്ലാ കളക്ടര്‍ എം.അഞ്ജന, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍,  ആലപ്പുഴ എഎസ് പി    വിവേക് കുമാര്‍, ജില്ലാ  ദുരന്ത നിവാരണ ഡെപ്യൂട്ടി ഡയറക്ടര്‍ ആശ സി എബ്രഹാം,  തുടങ്ങിയവര്‍ പങ്കെടുത്തു.