നിയമസഭാ തിരഞ്ഞെടുപ്പ്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടെണ്ണും

post

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ന്(മെയ് രണ്ട്) ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെണ്ണലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലയിലെ ഒമ്പത് ഇടങ്ങളിലായാണ് 12 മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ നടക്കുന്നത്. കോവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് കൗണ്ടിംഗ് ഹാളുകള്‍,  ടേബിളുകള്‍ എന്നിവയുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.  ശാരീരിക അകലം ഉറപ്പാക്കുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളത്. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാത്തവരെ കൗണ്ടിംഗ് സെന്ററിന്റെ പ്രവേശനകവാടത്തില്‍ പോലും പ്രവേശിപ്പിക്കില്ല. പ്രവേശനകവാടം മുതല്‍ കൗണ്ടിംഗ് ടേബിളുകള്‍ വരെയുള്ള മുഴുവന്‍ പോയിന്റുകളിലും സാനിറ്റൈസര്‍ ലഭ്യമാക്കും.