ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളുടെ സുരക്ഷയ്ക്കായി ബെല്‍ ഓഫ് ഫെയ്ത്ത്

post

ആലപ്പുഴ:  ഒറ്റയ്ക്കു താമസിക്കുന്ന വയോജനങ്ങള്‍ക്കിനി സുരക്ഷിത ബോധത്തോടെ വീട്ടില്‍ കഴിയാം. ജില്ലയിലെ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളുടെ സുരക്ഷയ്ക്കായി ജനമൈത്രി പോലീസ് തയ്യാറാക്കിയ ബെല്‍ ഓഫ് ഫെയ്ത്ത് പദ്ധതി ഇവര്‍ക്ക് സുരക്ഷ ഒരുക്കും. ആലപ്പുഴ റോട്ടറി ഹാളില്‍ നടന്ന ജനമൈത്രിയുടെ സുരക്ഷാ പദ്ധതിയായ ഹോട്ട് ലൈന്‍ സിസ്റ്റം, ബെല്‍ ഓഫ് ഫെയ്ത്ത് എന്നിവ പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ജന ജീവിതം സുരക്ഷിതവും ആത്മവിശ്വാസം നിറഞ്ഞതുമാകാന്‍ പദ്ധതി ഉപയോഗപ്പെടുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ബെല്‍ ഓഫ് ഫെയ്ത്ത് പദ്ധതിയില്‍ കീചെയ്ന്‍ വലിപ്പത്തില്‍ കയ്യില്‍ കൊണ്ട് നടക്കാന്‍ സാധിക്കുന്ന റിമോട്ടോടു കൂടിയ ഒരു ഉപകരണം വീട്ടില്‍ ഘടിപ്പിച്ചു നല്‍കും. ആവശ്യസമയത്ത് റിമോട്ടില്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ 100 മീറ്റര്‍ പരിധിയില്‍ കേള്‍ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള വലിയ ശബ്!ദം ഉണ്ടാകുകയും ഒരു പ്രാവശ്യം കൂടി ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ശബ്ദം നിര്‍ത്തുകയും ചെയ്യാം. ജനമൈത്രി പോലീസിന്റെ ഈ പദ്ധതിയില്‍  ജില്ലയിലെ നാലായിരത്തോളം വരുന്ന വയോജനങ്ങളാണ് സുരക്ഷിതരാകുന്നത്. ജനമൈത്രി പോലീസിന്റെ 2018-2019 പ്ലാന്‍ ഫണ്ടില്‍ നിന്നുമാണ് ഈ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളില്‍ ബിഎസ്എന്‍എല്‍ കസ്റ്റമര്‍ ആയവര്‍ക്ക് ഹോട്ട്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതാണ് ഹോട്ട്‌ലൈന്‍ ഹെല്‍പ്പ് ലൈന്‍ പദ്ധതി. അടിയന്തര ഘട്ടത്തില്‍ ലാന്‍ഡ് ലൈന്‍ ഫോണ്‍ റിസീവര്‍ എടുത്ത് 15 സെക്കന്‍ഡുകള്‍ ഉയര്‍ത്തി പിടിച്ചാല്‍ അടിയന്തരമായി സന്ദേശം ലാന്‍ഡ് ലൈന്‍ ഫോണ്‍ പരിധിയിലെ പോലീസ് സ്റ്റേഷനിലേക്ക് എത്തുന്ന സംവിധാനമാണിത്.ജില്ലയിലെ ആദ്യഘട്ടമെന്ന നിലയില്‍ 509 വയോജനങ്ങളെ ഉള്‍പ്പെടുത്തി 398 ലാന്‍ഡ് ലൈനുകളില്‍ ഈ സംവിധാനം നിലവില്‍ പ്രവര്‍ത്തനമാരംഭിച്ചു.