കരുതാം ആലപ്പുഴയെ ക്രഷ് ദ കര്‍വ് രണ്ടാം ഘട്ടം തുടങ്ങുന്നു

post

ആലപ്പുഴ: കോവിഡ്  കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍  ജില്ലയില്‍ ജില്ലാ ഭരണകൂടത്തിന്റെ  നേതൃത്വത്തില്‍ കരുതാം ആലപ്പുഴയെ എന്ന  ക്യാംപെയിന്‍ രണ്ടാംഘട്ടമായി കരുതാം ആലപ്പുഴയെ ക്രഷ് ദ കര്‍വ്  എന്ന പേരില്‍ ആരംഭിക്കുന്നു. കോ വിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ പ്രാവര്‍ത്തികമാക്കുക, കോവിഡ പരിശോധന ഊര്‍ജിതമാക്കുക   45 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കുക എന്നീ മൂന്നു ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ ക്യാംപെയിന്‍ ആരംഭിക്കുന്നത്.

 സ്റ്റാര്‍ ,എന്‍ എസ്.എസ്, എന്‍.വൈ.കെ, യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് വാളണ്ടിയേഴ്‌സ് ,സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ എന്നിവരടങ്ങുന്ന  സംഘം ഭവന സന്ദര്‍ശനത്തിലൂടെ കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍, പരിശോധന,   വാക്‌സിനേഷന്‍ എന്നിവയെ സംബന്ധിച്ച് ആളുകളെ ബോധവല്‍ക്കരിക്കും.  അംഗന്‍വാടി തലങ്ങളില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ എല്ലാദിവസവും ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നതാണ്.ക്ലാസ് ടീച്ചര്‍മാര്‍ ,പി.ടി.എ എന്നിവ വഴി  കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും  ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും. ജില്ലയിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍കേന്ദ്രീകരിച്ച് തൊഴിലാളികള്‍ക്കായി ടെസ്റ്റിംഗ് , വാക്‌സിനേഷന്‍ ക്യാമ്പുകളും നടത്തും.

എല്ലാ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളിലും ജീവനക്കാര്‍ക്കായി വാക്‌സിനേഷന്‍, ടെസ്റ്റിംഗ് ക്യാമ്പുകള്‍ നടത്തുന്നതാണ്. വ്യാപാരി വ്യവസായികള്‍, ബാങ്ക് , മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലുള്ളവരുടെ യോഗം ചേര്‍ന്ന് എല്ലാ സ്ഥാപനങ്ങളിലും കോവിഡ പ്രതിരോധമാര്‍ഗങ്ങള്‍ കര്‍ശനമായി പാലിക്കുന്തിനുള്ള നിര്‍ദ്ദേശം നല്‍കും. സെക്ടറല്‍ മജിസ്‌ട്രേറ്റ് മാരുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കാനും യോഗം തീരുമാനിച്ചു.