ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത് 38,985 വിദ്യാര്‍ത്ഥികള്‍

post

പാലക്കാട് : ഇന്നുമുതല്‍ (ഏപ്രില്‍ എട്ട്) ഈമാസം 29 വരെ നടക്കുന്ന എസ്.എസ്. എല്‍.സി പരീക്ഷയില്‍ ജില്ലയില്‍ 196  കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നത് 38, 985 വിദ്യാര്‍ത്ഥികള്‍. ഇതില്‍ 19,997 ആണ്‍കുട്ടികളും 18,988 പെണ്‍കുട്ടികളും ഉള്‍പ്പെടും. കൂടാതെ 323 ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും 13 സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതുന്നുണ്ട്. പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ ആകെ 17,689  വിദ്യാര്‍ത്ഥികളും ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ 12,428 വിദ്യാര്‍ത്ഥികളും മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 8,868 വിദ്യാര്‍ഥികളുമാണ് പരീക്ഷയെഴുതുന്നത്.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് പാലക്കാട് മോയന്‍സ്  മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്(904 വിദ്യാര്‍ത്ഥികള്‍). കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് ഷൊര്‍ണൂര്‍ ഗണേഷ് ഗിരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ (13 കുട്ടികള്‍).

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ നടക്കുക. വിദ്യാര്‍ത്ഥികള്‍ കൃത്യമായി മാസ്‌ക് ധരിച്ചിട്ടുണ്ടെന്നും സാനിറ്റൈസറും സാമൂഹിക അകലവും പാലിക്കുന്നുണ്ടന്നും ഉറപ്പുവരുത്തിയാവും പരീക്ഷ നടത്തുക. മുഴുവന്‍ പരീക്ഷാകേന്ദ്രങ്ങളും അണുവിമുക്തമാക്കിയിട്ടുള്ളതായും വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.