ഇരട്ട വോട്ട്: പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

post

വയനാട് : ഇരട്ട വോട്ട് തടയുന്നതിന്റെ ഭാഗമായി പ്രിസൈഡിങ് ഓഫീസര്‍മാര്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍ദ്ദേശം നല്‍കി.

1. എ.എസ്.ഡി (Absentee, Shift, Death) ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍, ഒന്നില്‍ കൂടുതല്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നവര്‍ എന്നിവര്‍ വോട്ട് ചെയ്യുവാനായി ഹാജരാകുന്ന അവസരത്തില്‍ പ്രസ്തുത വോട്ടര്‍മാരുടെ ഫോട്ടോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് എടുക്കേണ്ടതാണ്.

2. ഫോട്ടോ എടുക്കുന്നതിനായി മൂന്നാം പോളിംഗ് ഓഫീസറെ ചുമതലപ്പെടുത്തേണ്ടതും ഫോട്ടോ റിട്ടേണിംഗ് ഓഫീസറുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അയക്കേണ്ടതുമാണ്.

3. രജിസ്റ്ററില്‍ ഒപ്പും വിരലടയാളവും ലഭ്യമാക്കേണ്ടതാണ്.

4. ജനപ്രാതിനിധ്യനിയമം വകുപ്പ് 31 പ്രകാരമുളള  സത്യപ്രസ്താവന വോട്ടറില്‍ നിന്നും ലഭ്യമാക്കേണ്ടതാണ്

5. കൈയ്യില്‍ പുരട്ടുന്ന മഷി ഉണങ്ങിയതിനുശേഷം മാത്രമെ വോട്ടറെ ബൂത്ത് വിട്ട് പോകുവാന്‍ അനുവദിക്കാവു.

6. ആള്‍മാറാട്ടം ഒന്നില്‍ കൂടുതല്‍ വോട്ടുകള്‍ ചെയ്യുക എന്നീ കുറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന പൊതു അറിയിപ്പ് പോസ്റ്ററുകള്‍ പോളിംഗ് ബൂത്തുകളില്‍ എല്ലാവരും കാണത്തക്ക വിധത്തില്‍ പതിക്കേണ്ടതാണ്.