തെരഞ്ഞെടുപ്പ് തല്‍സമയ സംപ്രേഷണം: 716 ബൂത്തുകളില്‍ ഒന്നാം ഘട്ട ട്രയല്‍ റണ്‍ നടത്തി

post

പത്തനംതിട്ട : നിയമസഭ തെരഞ്ഞെടുപ്പ് സുതാര്യവും സുഗമവുമായി നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ 716 ബൂത്തുകളിലേക്കുള്ള തല്‍സമയ സംപ്രഷണം(വെബ് കാസ്റ്റിംഗ്) നടത്തുന്നതിന്റെ ഒന്നാംഘട്ട ട്രയല്‍ റണ്‍ പൂര്‍ത്തീകരിച്ചു. ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളിലും, പ്രത്യേക ശ്രദ്ധ ആവശ്യമുള്ള ബൂത്തുകളിലുമാണ് സംസ്ഥാന ഐ.ടി. മിഷന്റെ നേതൃത്വത്തില്‍ അക്ഷയ മുഖേന തെരഞ്ഞെടുപ്പ് തല്‍സമയ സംപ്രേഷണം നടത്തുന്നത്. ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍. റെഡ്ഡി ട്രയല്‍ റണ്‍ വിലയിരുത്തി.

ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 93 അക്ഷയകേന്ദ്രങ്ങളിലെ സംരംഭകരും, ബന്ധപ്പെട്ട ജീവനക്കാരും ഉള്‍പ്പെട്ട ടീമാണ് 716 ബൂത്തുകളിലേക്കുമുള്ള വെബ്കാസ്റ്റിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ളത്. വോട്ടര്‍മാര്‍ വോട്ടു ചെയ്യാനെത്തുന്നതും, വോട്ടു ചെയ്തതിനു ശേഷം തിരിച്ചിറങ്ങുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ തല്‍സമയ സംപ്രേക്ഷണത്തിലുടെ കാണാന്‍ സാധിക്കും. കളക്ടറേറ്റില്‍ പ്രത്യേകം ക്രമീകരിച്ചിട്ടുള്ള കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന് ജില്ലാ കളക്ടറും മറ്റ് ഉന്നത ഉദ്യേഗസ്ഥരും ബൂത്തുകളിലെ ദൃശ്യങ്ങള്‍ കണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഇതിലൂടെ കള്ളവോട്ടു ചെയ്യാനുള്ള സാധ്യതയും തടയാന്‍ സാധിക്കും.

പോളിംഗ് ദിവസം തല്‍സമയ സംപ്രേഷണവുമായി ബന്ധപ്പെട്ട് കണ്‍ട്രോള്‍ റൂം ജോലികള്‍ക്കായി പ്രത്യേക പരിശീലനം നല്‍കിയ 100 ജീവനക്കാരെയാണ് നിയമിച്ചിട്ടുള്ളത്. ഇവര്‍ രണ്ടു ഷിഫ്റ്റുകളായാണ് ഡ്യൂട്ടി നിര്‍വഹിക്കുക. ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി. ഐ.ടി.സെല്‍, എന്‍ഐസി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് വെബ്കാസ്റ്റിംഗ് നടത്തുന്നത്. ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗമാണ് വെബ് കാസ്റ്റിംഗിനാവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത്.

   ജില്ലാ ഐ.ടി. സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അജിത്ത് ശ്രീനിവാസ്, ഐ.ടി.മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ ഷൈന്‍ജോസ്, എന്‍ഐസി ഓഫീസര്‍ ജിജി ജോര്‍ജ്, അക്ഷയ അസി.പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷിനു തുടങ്ങിയവര്‍ വെബ് കാസ്റ്റിംഗ് ട്രയല്‍റണ്‍ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കി.