ഹരിത തിരഞ്ഞെടുപ്പ് : പ്രചരണ വാഹനം പര്യടനം നടത്തി

post

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് ഹരിത തിരഞ്ഞെടുപ്പാക്കി മാറ്റുക ലക്ഷ്യമാക്കി കോങ്ങാട് നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ഹരിത ഇലക്ഷന്‍ പ്രചരണ വാഹനം പര്യടനം നടത്തി. ജില്ലാ ശുചിത്വ മിഷന്‍, ഹരിതകേരള മിഷന്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് 'ഇലക്ഷന്‍ ഹരിതാഭമാക്കാം' എന്ന മുദ്രാവാക്യത്തോടെ പര്യടനം നടത്തിയത്.

കോങ്ങാട് നിയോജകമണ്ഡലത്തിലെ പറളി, മങ്കര, മണ്ണൂര്‍, കേരളശ്ശേരി, കോങ്ങാട്, കരിമ്പ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, കാരാക്കുറിശ്ശി പഞ്ചായത്തുകളിലാണ് ഹരിതചട്ടം പാലിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് നടത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ടുള്ള നാടന്‍പാട്ട് കലാസംഘം പ്രചരണം നടത്തിയത്.

പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍, മണ്ണില്‍ അലിഞ്ഞു ചേരുന്ന വസ്തുക്കള്‍ എന്നിവയുപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിലൂടെ 1000 ടണ്ണോളം മാലിന്യം കുറയ്ക്കാനാകും. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുകയും പരിസരം മലിനമാകാതെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപപ്പെടാനിടയുള്ള മാലിന്യങ്ങളുടെ അളവ് പരമാവധി കുറയ്ക്കുകയും പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യുകയാണ് ഹരിത തിരഞ്ഞെടുപ്പിലൂടെ ലക്ഷ്യമിടുന്നത്.

പറളി പഞ്ചായത്ത് പരിധിയില്‍ ആരംഭിച്ച പ്രചരണം ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ജി അഭിജിത്ത് ഉദ്ഘാടനം ചെയ്തു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി.സന്തോഷ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.