നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിങ് തുടങ്ങി

post

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ വരണാധികാരികളുടെ കൈവശം ലഭ്യമാക്കിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് നടപടികള്‍ ആരംഭിച്ചു. ഓരോ നിയമസഭാ മണ്ഡലങ്ങളിലും മുന്‍കൂട്ടി നിശ്ചയിച്ച കേന്ദ്രങ്ങളിലാണ് കമ്മീഷനിംഗ് നടപടികള്‍ പുരോഗമിക്കുന്നത്. കമ്മീഷനിംഗ് പൂര്‍ത്തിയാക്കുന്നതിന് 28, 29 തീയതികളാണ് ജില്ലയില്‍ നിശ്ചയിച്ച് നല്‍കിയിട്ടുള്ളത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ബാലറ്റ് പേപ്പര്‍ സെറ്റ് ചെയ്ത് സ്ഥാനാര്‍ത്ഥികളുടെ എണ്ണം ക്രമീകരിക്കുന്ന നടപടികളാണ് കമ്മീഷനിംഗ് വഴി പൂര്‍ത്തിയാക്കുന്നത്. ഇതോടെ ഓരോ ബൂത്തിലേക്കുമുള്ള കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവി പാറ്റ് എന്നിവ സജ്ജമായി. കമ്മീഷനിങ് പൂര്‍ത്തിയാകുന്നതോടെ ഇലക്ട്രോണിക് വോട്ടിങ് മെഷന്‍ സീല്‍ ചെയ്ത നിലയിലാകും. കമ്മീഷനിങ് പൂര്‍ത്തിയാക്കിയ ഇ.വി.എമ്മുകള്‍ സ്‌ട്രോങ് റൂമുകളില്‍ വരച്ചിട്ടുള്ള നിശ്ചിത കോളങ്ങളില്‍ ക്രമത്തില്‍ ക്രമീകരിക്കും. ഇങ്ങനെ സൂക്ഷിക്കുന്ന മെഷീനുകള്‍ ഇനി വോട്ടെടുപ്പിന് തലേന്ന് സ്‌ട്രോങ് റൂം തുറന്ന് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. സ്‌ട്രോങ് റൂമില്‍ വരച്ചിട്ടുള്ള നിശ്ചിത കള്ളിയില്‍ അഡ്രസ്സ് ടാഗ് ചെയ്താണ് ഇവ സൂക്ഷിക്കുക. ആധുനിക എം.ത്രീ മെഷീനുകളാണ് ഇപ്രാവശ്യം വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്.  സ്ഥാനാര്‍ഥിയോ സ്ഥാനാര്‍ത്ഥി നിശ്ചയിക്കുന്ന ഏജന്റിന്റെയോ സാന്നിധ്യത്തിലാണ് ഇവിഎം മെഷീനുകളുടെ കമ്മീഷനിങ് നടത്തിയത്. ഓരോ ഇ.വി.എമ്മിലും ഓരോ വോട്ട് ചെയ്ത് മെഷീന്രെ കാര്യക്ഷമത ഉറപ്പുവരുത്തി. കൂടാതെ ആകെ മണ്ഡലത്തിലേക്കുള്ള വോട്ടിങ് മെഷീനുകളുടെ എണ്ണത്തിന്റെ 5 ശതമാനത്തില്‍ ആയിരം വീതം വോട്ട് രേഖപ്പെടുത്തി പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തുകയും ചെയ്യുന്നുണ്ട്. ജില്ലയിലെ 2643 പോളിങ് സ്റ്റേഷനുകള്‍ക്കായി 3303 വീതം കണ്‍ട്രോള്‍ബാലറ്റ് യൂണിറ്റുകളും 3515 വിവിപാറ്റ് മെഷീനുകളുമാണ് വരണാധികാരികള്‍ക്ക് നല്‍കിയിട്ടുള്ളത്. ജില്ലിയിലെ ഒമ്പത് മണ്ഡലങ്ങളിലും നടന്ന കമ്മീഷനിങ് കേന്ദ്രങ്ങളില്‍ ജില്ല കളക്ടര്‍ എ.അലക്‌സാണ്ടര്‍, തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ എന്നിവരും എത്തിയിരുന്നു. ആലപ്പുഴ മണ്ഡലത്തിലെ കമ്മീഷനിങ് എസ്.ഡി.വി സെന്റീനറി ഹാളിലാണ് നടന്നത്. വരണാധികാരി കൂടിയായ സബ്കളക്ടര്‍ എസ്.ഇലക്യയുടെ നേതൃത്വത്തിലായിരുന്നു ഇവിടെ കമ്മീഷനിങ്. ആലപ്പുഴ മണ്ഡലത്തില്‍ റിസര്‍വ് ഉള്‍പ്പടെ 357 ഇ.വി.എമ്മുകളാണ് ഉള്ളത്. 285 പോളിങ് സ്റ്റേഷനുകളാണ് ഇവിടെയുള്ളത്.