നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്താനായി പോളിംഗ് ഉദ്യോഗസ്ഥര്‍ ഇന്നു മുതല്‍ വീടുകളിലെത്തും

post

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആബ്‌സന്റീ (അസന്നിഹിതരായ) വോട്ടര്‍മാരായിട്ടുള്ളവര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി ഇന്ന് (27.03.2021) മുതല്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തും. വീടുകളിലെത്തി ഇവരുടെ വോട്ട് രേഖപ്പെടുത്തുന്നതിനായി പ്രത്യേക പോളിംഗ് സംഘത്തേയും കമ്മീഷന്‍ നിയോഗിച്ചിട്ടുണ്ട്.

80 വയസ് പിന്നിട്ടവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവരെയാണ് ആബ്‌സന്റീ വോട്ടര്‍മാരായി പരിഗണിക്കുന്നത്. ഇവര്‍ക്ക് താമസസ്ഥലത്ത് എത്തിച്ചു നല്‍കുന്ന ബാലറ്റ് പേപ്പറില്‍ വോട്ട് ചെയ്യാം. തപാല്‍ വോട്ട് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് വരണാധികാരിയെ അറിയിക്കുകയും 12 ഡി ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയവര്‍ക്കുമാണ് ഈ സൗകര്യം. ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം തപാല്‍ ബാലറ്റ് പേപ്പര്‍, ഫോറം 13 എ യിലുള്ള സത്യപ്രസ്താവന, ഫോറം 13 ബി എന്ന ചെറിയ കവര്‍, ഫോറം 13 സി എന്ന വലിയ കവര്‍ എന്നിവയും നല്‍കും.

സ്വകാര്യത ഉറപ്പാക്കി വോട്ട് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളുമായാണ് ഉദ്യോഗസ്ഥര്‍ എത്തുക. രണ്ടു പോളിംഗ് ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍, മൈക്രോ ഒബ്‌സര്‍വര്‍, ബി.എല്‍.ഒ എന്നിവരടങ്ങുന്നതാണ് പോളിംഗ് സംഘം. തപാല്‍ ബാലറ്റില്‍ സ്ഥാനാര്‍ഥിയുടെ പേരിനു നേരെ ശരി ചിഹ്നമോ ഗുണന ചിഹ്നമോ രേഖപ്പെടുത്തി വോട്ട് ചെയ്യാം.

പോളിംഗ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ വോട്ട് രേഖപ്പെടുത്താന്‍ കഴിയൂ. തപാല്‍ ബാലറ്റ് അടങ്ങിയ 13 ബി എന്ന കവറും 13 എ എന്ന സത്യപ്രസ്താവനയും 13 സി എന്ന വലിയ കവറിലിട്ട് ഒട്ടിച്ച് ഈ കവറിനു മുകളിലും ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തി അപ്പോള്‍ തന്നെ പോളിംഗ് ഉദ്യോഗസ്ഥരെ തിരികെ ഏല്‍പ്പിക്കണം. പോളിംഗ് സംഘം എത്തുന്നതായി അറിയിക്കുമ്പോള്‍ വോട്ടര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതിവയ്ക്കണം. അന്ധര്‍ക്കും വോട്ട് ചെയ്യാന്‍ കഴിയാത്തവിധം ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നവര്‍ക്കും മുതിര്‍ന്ന ഒരാളുടെ സഹായത്തോടെ വോട്ട് ചെയ്യാം. തപാല്‍ വോട്ടുകള്‍ അതതു ദിവസം തന്നെ പോളിംഗ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് മടക്കി നല്‍കും. അപേക്ഷ സമര്‍പ്പിച്ച് വോട്ടര്‍ പട്ടികയില്‍ പോസ്റ്റല്‍ ബാലറ്റ് മാര്‍ക്ക് ചെയ്തിട്ടുള്ള വോട്ടര്‍മാര്‍ക്ക് ഈ തീയതികളില്‍ വോട്ട് രേഖപെടുത്താതെ വന്നാല്‍  പിന്നീട് ബൂത്തില്‍ പോയി വോട്ട് രേഖപ്പെടുത്താനുള്ള അവസരം ഉണ്ടായിരിക്കില്ല.