സേഫ് കോറിഡോര്‍ പദ്ധതി വിജയകരം

post

പാലക്കാട്: ജില്ലയിലൂടെ കടന്നു പോയ ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിത യാത്രയൊരുക്കുവാന്‍ പാലക്കാട് ഈസ്റ്റ് റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടപ്പാക്കിയ സേഫ് കോറിഡോര്‍ (സുരക്ഷിത ഇടനാഴി) പദ്ധതി വിജയകരമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. പി. ശിവകുമാര്‍ അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദേശീയ പാതയില്‍ 24 മണിക്കൂര്‍ പട്രോളിംഗിന്റെ ഫലമായി  മറ്റു വാഹനാപകടങ്ങള്‍ 33 ശതമാനവും അപകട മരണം 40 ശതമാനവുമായി കുറഞ്ഞിട്ടുണ്ട്. തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും അപകട മരണങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കാനായി. വാളയാര്‍ മുതല്‍ വാണിയംപാറ വരെയുളള ദേീയപാതയിലും  പാലക്കാട് ഒറ്റപ്പാലം പട്ടാമ്പി, ഗോവിന്ദാപുരം-വടക്കഞ്ചേരി  തുടങ്ങിയ സംസ്ഥാന പാതകളിലുമായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം  പട്രോളിംഗ് അടക്കമുളള സജ്ജീകരണങ്ങള്‍  ഒരുക്കിയിരുന്നത്. മണപ്പുളളിക്കാവ് ഹൈവെയിലുളള ഈസ്റ്റ് റോട്ടറി ക്ലബ്ബിന്റെ കെട്ടിടത്തില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നായിരുന്നു പ്രവര്‍ത്തനം. കൂടാതെ ഹെല്‍പ്പ് ലൈന്‍ നമ്പറുകളും പ്രദര്‍ശിപ്പിച്ചു. കേടാകുന്ന വാഹനങ്ങള്‍ നന്നാക്കുന്നതിനും ബദല്‍ വാഹനങ്ങള്‍ നല്‍കുന്നതിനും സജ്ജീകരണമൊരുക്കി. കൂട്ടം തെറ്റിപ്പോയ തീര്‍ത്ഥാടകരെ തിരികെ സംഘത്തില്‍ ചേര്‍ത്താനും സഹായിച്ചു. കൂടാതെ ഹെല്‍പ്പ് ലൈന്‍ നമ്പറുകളും റോഡുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.  എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഓ.  പി. ശിവകുമാറിന്റെ നേതൃത്വത്തില്‍ 15 ഓളം ഇന്‍സ്‌പെക്ടര്‍മാരാണ് പ്രവര്‍ത്തനം നടത്തിയത്. ഇത്തരത്തിലുളള റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ആസൂത്രണം ചെയ്തു നടപ്പാക്കണമെന്നും അധികൃതര്‍ അറിയിച്ചു.