ജില്ലയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 1.05ലക്ഷം പേര്‍

post

ആലപ്പുഴ: ജനുവരി 16 ന് ആരംഭിച്ച കോവിഡ് വാക്‌സിനേഷന്‍ തുടരുമ്പോള്‍ ഇതുവരെ ജില്ലയില്‍ 105,762 പേര്‍ കോവിഡ് വാക്‌സിന്‍ ഒന്നാം ഡോസ് സ്വീകരിച്ചു. 16063 പേര്‍ രണ്ടാം ഡോസും പൂര്‍ത്തിയാക്കി. ഒന്നാം ഡോസ് പൂര്‍ത്തിയാക്കിവരില്‍ 27480 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കോവിഡ് മുന്നണി പോരാളികളും പോളിംഗ് ഉദ്യോഗസ്ഥരുമുള്‍പ്പെടെ 30074 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. ഇവരില്‍ 15700 ആരോഗ്യ പ്രവര്‍ത്തകരും 363 മുന്നണിപ്പോരാളികളും പോളിംഗ് ചുമതലയുള്ള ഉദ്യോഗസ്ഥരും രണ്ടാമത്തെ ഡോസും പൂര്‍ത്തിയാക്കി. 60 വയസ്സിന് മുകളില്‍ പ്രായമുള്ള 45300 പേരും 45 നും 59 വയസ്സിനുമിടയില്‍ പ്രായമുള്ള മറ്റ് രോഗങ്ങള്‍ ഉള്ള 2908 പേരും ആദ്യ ഡോസ് സ്വീകരിച്ചു.

28 ദിവസം പൂര്‍ത്തിയാകുന്ന മുറയ്ക്ക്, ആദ്യ ഡോസ് സ്വീകരിച്ച ആരോഗ്യ കേന്ദ്രത്തിലെത്തി രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിക്കണമെന്ന് ജില്ല കളക്ടര്‍ എ.അലക്‌സാണ്ടര്‍ അറിയിച്ചു. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരും മറ്റ് രോഗ ബാധിതരായ 45 നും 59 വയസ്സിനുമിടയില്‍ പ്രായമുള്ളവരും www.cowin.gov.in വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുമായെത്തി തത്സമയം രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കുകയോ ചെയ്യണം. മറ്റ് രോഗ ബാധിതരായ 45 നും 59 നുമിടയില്‍ പ്രായമുള്ളവര്‍ ചികിത്സിക്കുന്ന ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ രോഗം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതമാണ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തേണ്ടത്. സര്‍ക്കാര്‍ ആശുപത്രികളിലും പ്രത്യേക കേന്ദ്രങ്ങളിലുമുള്ള വാക്‌സിനേഷന്‍ സൗജന്യമായി ലഭിക്കും. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച 250 രൂപ ഒരു ഡോസ് വാക്‌സിനു നല്‍കണം.

ദീപ ആശുപത്രി ഡാണാപ്പടി, ദീപ ആശുപത്രി കരുവാറ്റ, ഡോ.ഉമ്മന്‍സ് കണ്ണാശുപത്രി ചെങ്ങന്നൂര്‍, മാമന്‍ മെമ്മോറിയല്‍ ആശുപത്രി ,ചെങ്ങന്നൂര്‍, ഹെല്‍ത്ത് പാര്‍ക്ക് ആലപ്പുഴ, ഹുദാട്രസ്റ്റ് ആശുപത്രി ,ഹരിപ്പാട്, കിന്‍ഡര്‍ ആശുപത്രി,ചേര്‍ത്തല, മഹാജൂബിലി ആശുപത്രി ,എടത്വ, മെഡിക്കല്‍ ട്രെസ്റ്റ് ആശുപത്രി, കായംകുളം, പ്രോവിഡന്‍സ് ആശുപത്രി ,ആലപ്പുഴ, ജോസ്‌കോ ആശുപത്രി, എടപ്പോണ്‍, കെ.വി.എം ആശുപത്രി, ചേര്‍ത്തല, ശ്രീകണ്ഠപുരം ആശുപത്രി, മാവേലിക്കര, സഞ്ജീവനി ആശുപത്രി ,ചെങ്ങന്നൂര്‍, പൂച്ചക്കല്‍ മെഡിക്കല്‍സെന്റര്‍, ചേര്‍ത്തല എസ്.എന്‍.എം.എം. ആശുപത്രി, ചേര്‍ത്തല, സെന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രി അര്‍ത്തുങ്കല്‍ എന്നീ സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ ലഭ്യമാണ്.