ഹരിത തിരഞ്ഞെടുപ്പിനായി ജില്ലയില്‍ ഒരുക്കങ്ങള്‍ തുടങ്ങി

post

പാലക്കാട്: ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഹരിത പെരുമാറ്റച്ചട്ടം പാലിച്ചു നടത്താനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രകൃതി സൗഹൃദവസ്തുക്കള്‍ ഉപയോഗിക്കണമെന്ന ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശം പാലിച്ചാണ് ഹരിതകേരളംമിഷനും ശുചിത്വമിഷനും സംയൂക്തമായി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. തിരഞ്ഞെടുപ്പ്  പ്രചരണത്തിന് ഫ്‌ളക്‌സ്‌ബോര്‍ഡ് ഉള്‍പ്പെടെയുള്ള എല്ലാ അജൈവ വസ്തുക്കളുടെയും ഉപയോഗം ഹൈക്കോടതി നിരോധിച്ചിട്ടുണ്ട്. ഹരിത  ഇലക്ഷനിലൂടെ മാലിന്യമുക്തകേരളം എന്നതാണ് ലക്ഷ്യമിടുന്നത്.

പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുവരെഴുത്തുകള്‍, പരുത്തിതുണികള്‍, പനമ്പായ, പുല്‍പ്പായ, ഓല, ഈറ്റ, മുള, പാള എന്നിവ ഉപയോഗിക്കണം.

അനുമതിയുള്ള സ്ഥലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഡിജിറ്റല്‍ ബോര്‍ഡുകളും സ്ഥാപിക്കാം.

കോട്ടണ്‍തുണി, പേപ്പര്‍ എന്നിവ ഉപയോഗിച്ചു മാത്രമേ കൊടിതോരണങ്ങള്‍ നിര്‍മ്മിക്കാവൂ.

പ്രചരണസമയത്തും മറ്റ് അനുബന്ധ പരിപാടികളിലും ഭക്ഷണ, കുടിവെള്ളവിതരണത്തിനായി ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ക്കു പകരം സ്റ്റീല്‍ പാത്രങ്ങള്‍, ഗ്ലാസുകള്‍, മണ്‍പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കണം.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്ന അലങ്കാരവസ്തുക്കളെല്ലാം പ്രകൃതിസൗഹൃദമായിരിക്കണം.

തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളില്‍ മാലിന്യങ്ങള്‍ തരംതിരിച്ച് കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം. ബോധവത്ക്കരണത്തിനും ബൂത്തുകളില്‍ ഹരിത പെരുമാറ്റച്ചട്ടം ഉറപ്പുവരുത്തിനുമായി ഗ്രീന്‍ വോളന്റിയേഴ്‌സിനെ ചുമതലപ്പെടുത്തും.

തിരഞ്ഞെടുപ്പിനു ശേഷം ശാസ്ത്രീയമായി തരംതിരിച്ച പ്രചരണ വസ്തുക്കളും വോട്ടേഴ്‌സ് സ്ലിപ്പുകളും ഇതരവസ്തുക്കളും ഹരിതകര്‍മസേന ശേഖരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി അവ പുനഃചംക്രമണം ചെയ്യേണ്ടതാണ്.

ജില്ലാകേന്ദ്രമായ സിവില്‍സ്റ്റേഷനില്‍ മാതൃകാഹരിത ബൂത്ത് സ്ഥാപിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നതായി ഹരിതകേരളം മിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍ അറിയിച്ചു.